'ഇന്ത്യയുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും കുറിച്ചുള്ള തങ്ങളുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതും വിട്ടുവീഴ്ചയ്ക്ക് വിധേയമല്ലാത്തതുമാണ്' - വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ പുതിയ ലോക ഭൂപടത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിന് അനുസൃതമായി ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ചിത്രീകരിക്കണമെന്നും കൃത്യമല്ലാത്തതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പ്രാതിനിധ്യം സ്വീകാര്യമല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രമേയം ഏതെങ്കിലും പ്രത്യേക ഭൂപടത്തിന്റെയോ, പ്രൊജക്ഷന്റെയോ, ദേശീയ അതിര്‍ത്തികളുടെ ചിത്രീകരണത്തിന്റെയോ അംഗീകാരമല്ലെന്ന് ഇന്ത്യ എടുത്തു പറഞ്ഞതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
'ഇന്ത്യ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. തുല്യ പ്രദേശ (ഈക്വല്‍ എര്‍ത്ത്) ഭൂപട പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അടിസ്ഥാന തത്വത്തില്‍ ഊന്നിപ്പറയുന്ന വോട്ടെടുപ്പിന്റെ വിശദീകരണവും നല്‍കി'- അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജയ്സ്വാള്‍. ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പരമാധികാര പ്രദേശം ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിന് അനുസൃതമായി ചിത്രീകരിക്കണം. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും ചിത്രീകരണം സ്വീകാര്യമല്ലെന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.
'ഇന്ത്യയുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും കുറിച്ചുള്ള ഞങ്ങളുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതും വിട്ടുവീഴ്ചയ്ക്ക് വിധേയമല്ലാത്തതുമാണ്' - വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
ഭൂഖണ്ഡാന്തര ഭൂപ്രദേശങ്ങളുടെ ആപേക്ഷിക വലുപ്പങ്ങള്‍ സംരക്ഷിക്കുന്ന തുല്യ വിസ്തീര്‍ണ ഭൂപട പ്രൊജക്ഷനുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിന്റെ ലക്ഷ്യമെന്ന് ജയ്സ്വാള്‍ പറഞ്ഞു.
പുതിയ ലോക ഭൂപടത്തിന് അനുകൂലമായുള്ള പ്രമേയത്തിന് ഐക്യരാഷ്ട്ര സഭയുടെ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. 2018 ലെ 'ഈക്വല്‍ എര്‍ത്ത്' രൂപകല്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള പ്രമേയം അംഗീകരിച്ച യുഎന്‍ ജനറല്‍ അസംബ്ലി അഞ്ച് നൂറ്റാണ്ടുകളായി ലോകം പിന്തുടര്‍ന്നിരുന്ന മെര്‍ക്കേറ്റര്‍ മാപ്പ് ഔദ്യോഗികമായി പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുള്‍പ്പടെ 164 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. അമേരിക്ക മാത്രം എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ എസ്തോണിയ, ജോര്‍ജിയ, ലിത്വാനിയ, മോള്‍ഡോവ, സെര്‍ബിയ, ഉക്രെയ്ന്‍ എന്നീ ആറ് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.