സൗത്ത് ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

സൗത്ത് ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ സത്യ നികേതന്‍ മേഖലയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

വിവരമറിഞ്ഞെത്തിയ ഡല്‍ഹി ഫയര്‍ സര്‍വീസിന്റെ എട്ട് ഫയര്‍ യൂണിറ്റുകളും വിവിധ ദുരന്തനിവാരണ സേനാ വിഭാഗങ്ങളും സ്ഥലത്തെത്തി തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു.

ദുരന്തം നടന്നയുടന്‍ പ്രദേശവാസികളും ദൃക്‌സാക്ഷികളും കൈകോര്‍ത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. ലഭ്യമായ ചെറിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് പാളികള്‍ നീക്കി ആളുകളെ കണ്ടെത്താന്‍ നാട്ടുകാര്‍ ശ്രമം തുടങ്ങി.

ഇതിനിടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഏതാനും പേരെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ജീവനോടെ പുറത്തെടുത്ത് ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.


എന്നാല്‍ എത്രപേര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നോ എത്രപേര്‍ക്ക് പരുക്കേറ്റെന്നോ ഉള്ള ഔദ്യോഗിക കണക്കുകള്‍ അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഡല്‍ഹി സര്‍വകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.

വാടകയ്ക്ക് താമസസൗകര്യം നല്‍കുന്ന പെയിങ് ഗസ്റ്റ് (പിജി) സംവിധാനമാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. സര്‍വകലാശാലയ്ക്ക് സമീപമായതിനാല്‍ താമസക്കാരില്‍ പലരും കോളജ് വിദ്യാര്‍ഥികളാണ്.

ദുരന്ത സമയത്ത് പതിനഞ്ചിലധികം പേര്‍ കെട്ടിടത്തിലുണ്ടായിരുന്നതായും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയതായും ദൃക്‌സാക്ഷികള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.