ഉക്രെയ്‌നിലെ റഷ്യന്‍ ആക്രമണങ്ങളില്‍ ദുഖം അറിയിച്ച് മാര്‍പാപ്പ; ചര്‍ച്ചകള്‍ക്കും നയതന്ത്ര നീക്കങ്ങള്‍ക്കുമായി ഹൃദയങ്ങള്‍ തുറക്കണമെന്ന് ആഹ്വാനം

 ഉക്രെയ്‌നിലെ റഷ്യന്‍ ആക്രമണങ്ങളില്‍ ദുഖം അറിയിച്ച് മാര്‍പാപ്പ; ചര്‍ച്ചകള്‍ക്കും നയതന്ത്ര നീക്കങ്ങള്‍ക്കുമായി ഹൃദയങ്ങള്‍ തുറക്കണമെന്ന് ആഹ്വാനം

വത്തിക്കാന്‍ സിറ്റി: ഉക്രെയ്‌നിലെ നഗരങ്ങള്‍ക്കും ജനവാസ മേഖലകള്‍ക്കും നേരെ റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ ദുഖം രേഖപ്പെടുത്തി മാര്‍പാപ്പ.

നിരപരാധികളായ ജനങ്ങളുടെ ജീവനെടുക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും സമാധാന ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു.

ഉക്രെയ്‌നിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നഗരങ്ങള്‍ക്കും നേരെ നടന്ന ആക്രമണങ്ങളുടെ വാര്‍ത്തകള്‍ അതീവ വേദനയോടെയാണ് താന്‍ ശ്രവിച്ചതെന്ന് ഞായറാഴ്ചത്തെ ആഞ്ചലൂസ് പ്രാര്‍ഥനയ്ക്കിടെ മാര്‍പാപ്പ പറഞ്ഞു.

വര്‍ഷങ്ങളായി ഭയത്തിലും ആശങ്കയിലും കഴിയുന്ന ജനങ്ങളുടെ ദുരിതത്തില്‍ തന്റെ മനസ് നീറുന്നുണ്ടെന്നും അവിടത്തെ ജനങ്ങളോടുള്ള ആത്മീയ അടുപ്പം വാഗ്ദാനം ചെയ്യുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

'അക്രമങ്ങളും വിനാശകരമായ ആക്രമണങ്ങളും ഉടന്‍ അവസാനിപ്പിക്കണം. ചര്‍ച്ചകള്‍ക്കും നയതന്ത്ര നീക്കങ്ങള്‍ക്കുമായി ഹൃദയങ്ങള്‍ തുറക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു-' മാര്‍പാപ്പ പറഞ്ഞു.

സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ വീണ്ടും നടക്കുന്ന ശ്രമങ്ങള്‍ ഫലം കാണുമെന്നും നയതന്ത്രപരമായ പരിഹാരങ്ങള്‍ക്ക് വഴിതുറക്കുമെന്നും പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും സമാധാനവും സൗഹാര്‍ദവും പുനസ്ഥാപിക്കപ്പെടാന്‍ പ്രാര്‍ഥിക്കണമെന്നും മാര്‍പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.