ലോസ്ഏഞ്ചല്‍സ്: ലോകമെമ്പാടുമുള്ള സിനിമ തീയറ്ററുകളില്‍ ചരിത്രമായി മാറിയ മെല്‍ ഗിബ്‌സണിന്റെ വിഖ്യാത ചിത്രം 'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' വീണ്ടും തീയറ്ററുകളിലേക്ക്. റിലീസ് ചെയ്ത് 20 വര്‍ഷത്തിലേറെയായ സിനിമ, ലിമിറ്റഡ് റീ-റിലീസായി സെപ്റ്റംബര്‍ 10 മുതല്‍ അമേരിക്കയിലെ പ്രധാന തിയേറ്ററുകളില്‍ പ്രദര്‍ശനമാരംഭിച്ചു.
2004 ല്‍ റിലീസ് ചെയ്ത ചിത്രം യേശുക്രിസ്തുവിന്റെ ജീവിതത്തിലെ അവസാന മണിക്കൂറുകളും പീഡാനുഭവങ്ങളും കുരിശു മരണവുമാണ് ദൃശ്യവല്‍ക്കരിച്ചത്. റിലീസ് ചെയ്തു ദിവസങ്ങള്‍ക്കകം സിനിമ ആഗോള തലത്തില്‍ ഏറെ ചര്‍ച്ചയായി മാറി. ഹോളിവുഡ് നടനായ ജിം കാവിയേസല്‍ യേശുവായി വേഷമിട്ട ഈ ചിത്രം അതുവരെയുണ്ടായിരുന്ന ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
ഡിജിറ്റലായി പുനരുദ്ധരിച്ച 4കെ റെസല്യൂഷനിലും അത്യാധുനിക ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനത്തിലുമാണ് ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം 'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നത് അന്നത്തെ പ്രേക്ഷകര്‍ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ അപൂര്‍വ്വമായ അനുഭവമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചിത്രത്തിന്റെ പ്രദര്‍ശനത്തോടൊപ്പം, മെല്‍ ഗിബ്‌സണ്‍ സംവിധാനം ചെയ്യുന്ന പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗമായ 'ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ്' എന്ന സിനിമയുടെ പ്രത്യേക ദൃശ്യങ്ങളും പ്രേക്ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദി റിസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തു വിട്ടിരുന്നു. രണ്ടു ഭാഗങ്ങളായിട്ടായിരിക്കും ചിത്രം റിലീസിനെത്തുകയെന്നു മെല്‍ ഗിബ്‌സണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിലെ ആദ്യഭാഗം 2027 മെയ് ആറിനും രണ്ടാം ഭാഗം 2028 മെയ് 25 നും തിയേറ്ററുകളില്‍ എത്തും. രണ്ട് റിലീസ് തിയതികളും യേശുവിന്റെ സ്വര്‍ഗാരോഹണ തിരുനാളായി ആചരിക്കുന്ന ദിവസങ്ങളാണെന്നത് ശ്രദ്ധേയമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.