വത്തിക്കാന്‍ സിറ്റി: മെത്രാന്മാര്‍ തമ്മിലുള്ള ബന്ധം, സമര്‍പ്പിത ജീവിതം, 'അദ് ലിമിന' സന്ദര്‍ശനം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ സഭയുടെ പ്രേഷിത ചൈതന്യ വീക്ഷണ കോണില്‍ നിന്നുള്ള പരിവര്‍ത്തനത്തിന്റെ ആവശ്യതകള്‍ മുന്‍പോട്ടു വച്ച് സിനഡിന്റെ, ആറാം നമ്പര്‍ പഠന ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടും, ഏഴാം നമ്പര്‍ പഠന ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗവും പ്രസിദ്ധീകരിച്ചു.
സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി പരസ്പരം ശ്രവിക്കുക, കാര്യങ്ങള്‍ ബോധ്യപ്പെടുക, ദാനങ്ങള്‍ കൈമാറുക എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു ബന്ധം ഊട്ടിയുറപ്പിക്കണമെന്ന് വ്യക്തമാക്കി കത്തോലിക്കാ സഭയുടെ സിനഡിന്റെ ആറാം നമ്പര്‍ പഠന ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടും, ഏഴാം നമ്പര്‍ പഠന ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗവും പ്രസിദ്ധീകരിച്ചു.
ഒരു മെത്രാനും സന്യാസ സമൂഹങ്ങളും തമ്മിലായാലും, ഒരു മെത്രാനും അദ്ദേഹത്തെ ഏല്‍പ്പിച്ചിട്ടുള്ള ദൈവജനവും തമ്മിലായാലും, ഒരു പ്രാദേശിക സഭയും അതേ പ്രദേശത്തെ മറ്റ് സഭകളും റോമിലെ മെത്രാനും തമ്മിലായാലും ഇതില്‍ മാറ്റങ്ങള്‍ ഒന്നും ഇല്ലെന്നു ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നു.
സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി ഈ റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്താന്‍ ലിയോ പതിനാലാമന്‍ പാപ്പ നിര്‍ദ്ദേശിച്ചതായി സിനഡ് സെക്രട്ടേറിയറ്റ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
മെത്രാന്മാരും സന്യാസ സമൂഹങ്ങളും സഭാ പ്രസ്ഥാനങ്ങളും തമ്മില്‍ ഒരു 'ബന്ധപരമായ പരിവര്‍ത്തനം' ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആറാം ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നു. വെറും ഔദ്യോഗികമായോ അധികാരശ്രേണി പരമായോ ഉള്ള ബന്ധങ്ങള്‍ക്കും അപ്പുറം വിശ്വാസത്തിലും പരസ്പര ശ്രവണത്തിലും അധിഷ്ഠിതമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
പുതിയ സന്യാസ സഭകള്‍ക്കും സമൂഹങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതിന് വ്യക്തമായ ദൈവശാസ്ത്ര-നിയമ മാനദണ്ഡങ്ങള്‍ രൂപീകരിക്കുക, ഓരോ രൂപതയിലും സമര്‍പ്പിത ജീവിതത്തിനായി ഒരു പ്രതിനിധിയെ നിയമിക്കുക (Vicar for Consecrated Life) എന്നിവയും റിപ്പോര്‍ട്ടിലുണ്ട്.
രൂപതകളും സന്യാസ സഭകളും തമ്മില്‍ മിഷന്‍, പരിശീലനം, വേതനം, സ്വത്ത് നിര്‍വഹണം എന്നിവ സംബന്ധിച്ച് നിര്‍ബന്ധിത കരാറുകള്‍ ഉണ്ടാക്കുക. സഭാ പ്രസ്ഥാനങ്ങളെ രൂപതയുടെ പാസ്റ്ററല്‍ പ്ലാനുകളിലും തീരുമാനങ്ങള്‍ എടുക്കുന്ന സമിതികളിലും ഉള്‍പ്പെടുത്തുക എന്നിവയെല്ലാം ആറാം ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മെത്രാന്മാര്‍ നിശ്ചിത കാലയളവില്‍ വത്തിക്കാനില്‍ നടത്തുന്ന 'അദ് ലിമിന' സന്ദര്‍ശനത്തെ സംബന്ധിച്ചാണ് ഏഴാം ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്. ഇത് കേവലം ഒരു ഭരണപരമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കലല്ല, മറിച്ച് പ്രാദേശിക സഭയുടെ മിഷനെ സഹായിക്കുന്ന ഒന്നായി മാറണമെന്നുള്ള നിര്‍ദേശം ഏഴാം ഗ്രൂപ്പ് മുന്‍പോട്ടു വയ്ക്കുന്നു. വത്തിക്കാനിലേക്ക് അയക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ ദൈവജനത്തെ കൂടി പങ്കാളികളാക്കണമെന്നു ഏഴാം ഗ്രൂപ്പ് നിര്‍ദേശിക്കുന്നു.
റോമിലെ ചര്‍ച്ചകള്‍ സഭയിലെ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയാകണം. മെത്രാനോടൊപ്പം രൂപതയിലെ ഒരു സംഘം പ്രതിനിധികള്‍ കൂടി വത്തിക്കാന്‍ സന്ദര്‍ശനത്തില്‍ പങ്കുചേരുന്നത് ഉചിതമായിരിക്കും. വത്തിക്കാനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം സന്ദര്‍ശനത്തിലെ കണ്ടെത്തലുകളും നിര്‍ദ്ദേശങ്ങളും മെത്രാന്‍ രൂപതയിലെ വിശ്വാസികളുമായി പങ്കുവെക്കണം. ആവശ്യമെങ്കില്‍ വത്തിക്കാന്‍ പ്രതിനിധികളുമായി ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ തുടര്‍ ചര്‍ച്ചകള്‍ നടത്തണം.
ചുരുക്കത്തില്‍, സഭയിലെ അധികാര കേന്ദ്രങ്ങളും വിശ്വാസികളും തമ്മിലുള്ള അകലം കുറയ്ക്കാനും കൂടുതല്‍ സുതാര്യവും പങ്കാളിത്തമുള്ളതുമായ ഒരു സഭാ സംവിധാനം കെട്ടിപ്പടുക്കാനുമാണ് ഈ റിപ്പോര്‍ട്ടുകള്‍ ലക്ഷ്യമിടുന്നത്. ഇതില്‍ മെത്രാന്മാരുടെ നീതിന്യായപരമായ ധര്‍മ്മത്തെക്കുറിച്ചുള്ള പഠനങ്ങള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.