അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍; പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭരിതം

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍; പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭരിതം

ഹോര്‍മുസ് കടലിടുക്കിന് മുകളിലൂടെ പറന്ന എംക്യു 9 ഡ്രോണ്‍ വെടിവച്ചിട്ടതായും ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ്.

ടെഹ്റാന്‍: അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ (ഡ്രോണ്‍ സബ്മറൈന്‍) പിടിച്ചെടുത്തതായി ഇറാന്‍ സൈന്യം. ഇതിന്റെ ദൃശ്യങ്ങളും ഇറാന്‍ പുറത്തു വിട്ടിട്ടുണ്ട്. സമുദ്രത്തിനടിയില്‍ അയ്യായിരത്തിലധികം മീറ്റര്‍ ആഴത്തില്‍ തുടര്‍ച്ചയായി പത്തുദിവസത്തോളം ദൗത്യങ്ങള്‍ നടത്താന്‍ ശേഷിയുള്ള ഡൈവ്-എല്‍ഡി എന്ന മുങ്ങിക്കപ്പലാണിത്.

അതേസമയം തങ്ങളുടെ അണ്ടര്‍വാട്ടര്‍ ഡ്രോണുകളില്‍ ഒന്ന് 'തകരാറായി' എന്ന് യുഎസ് സൈന്യം അറിയിച്ചു. ഇറാന്‍ പിടിച്ചെടുത്ത ഡ്രോണ്‍ ആണോ ഇതെന്ന് പരാമര്‍ശിച്ചിട്ടില്ല. തകരാറിലായ ഡ്രോണ്‍ പഴയ മോഡലായിരുന്നു. ഇത് വിവരങ്ങള്‍ ശേഖരിക്കുകയോ റഡാര്‍ ഉപകരണങ്ങള്‍ വഹിക്കുകയോ ചെയ്യില്ലെന്നും യുഎസ് സൈന്യം പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.

സമുദ്രത്തിന്റെ വിശാലമായ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനും രഹസ്യാന്വേഷണം നടത്തുന്നതിനും നാവികര്‍ക്ക് ശത്രു സൈന്യത്തിന്റെ കപ്പലുകളെയും അന്തര്‍വാഹിനികളെയും ട്രാക്ക് ചെയ്യുന്നതിനുമായുള്ള ആളില്ലാ മുങ്ങിക്കപ്പലുകള്‍ക്കായി യുഎസ് സൈന്യം വന്‍ തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്.

ഡൈവ്-എല്‍ഡി ആളില്ലാ മുങ്ങിക്കപ്പലിന് 6,000 മീറ്റര്‍ വരെ ആഴത്തില്‍ മുങ്ങാനാകും. ഡൈവ്-എല്‍ഡി യൂണിറ്റുകള്‍ക്ക് ഓരോന്നിനും ഏകദേശം 2.5 മില്യണ്‍ ഡോളര്‍ ചിലവാകുമെന്നാണ് യുഎസ് മിലിട്ടറി ന്യൂസ് സൈറ്റായ ഡിഫന്‍സ്സ്‌കൂപ്പ് 2024 ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്.

അതിനിടെ ഹോര്‍മുസ് കടലിടുക്കിന് മുകളിലൂടെ പറന്ന എംക്യു 9 ഡ്രോണ്‍ വെടിവച്ചിട്ടതായും ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ് അറിയിച്ചെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വന്തം അധീനതയിലുള്ള മൂന്ന് എണ്ണ ടാങ്കറുകള്‍ക്ക് നേരെ അമേരിക്കന്‍ ഭീഷണിയുണ്ടെന്ന് ആരോപിച്ച ഇറാന്‍, മേഖലയില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.