കത്തനാര്‍ ക്രിക്കറ്റ് ലീഗിന് പുതുപ്പള്ളിയില്‍ തുടക്കമായി; പോരാട്ടത്തിനായി അഞ്ച് ക്രൈസ്തവ സഭകളിലെ വൈദികരുടെ 16 ടീമുകള്‍

കത്തനാര്‍ ക്രിക്കറ്റ് ലീഗിന് പുതുപ്പള്ളിയില്‍ തുടക്കമായി; പോരാട്ടത്തിനായി അഞ്ച് ക്രൈസ്തവ സഭകളിലെ വൈദികരുടെ  16 ടീമുകള്‍

കോട്ടയം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് വേറിട്ടൊരു കാഴ്ചയൊരുക്കി പ്രഥമ കത്തനാര്‍ ക്രിക്കറ്റ് ലീഗിന് പുതുപ്പള്ളിയില്‍ തുടക്കമായി. ബാറ്റും പന്തുമായി വൈദികര്‍ ക്രിക്കറ്റ് പിച്ചിലിറങ്ങുമ്പോള്‍ കേരളത്തിന്റെ കായികരംഗത്ത് തന്നെ വേറിട്ടൊരു അധ്യായത്തിനാണ് തുടക്കമാകുന്നത്.

ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള കത്തനാര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (കെസിസി) ആഭിമുഖ്യത്തിലാണ് കത്തനാര്‍ ക്രിക്കറ്റ് ലീഗ് (കെസിഎല്‍) സംഘടിപ്പിക്കുന്നത്. ഇന്നും നാളെയുമായി പുതുപ്പള്ളി ബെയില്‍സ് അരീന ഓവല്‍ ക്രിക്കറ്റ് ടര്‍ഫിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

തിരുവനന്തപുരം മുതല്‍ തലശേരി വരെയുള്ള വിവിധ രൂപതകളില്‍ നിന്നും സഭാ വിഭാഗങ്ങളില്‍ നിന്നുമായി 16 ടീമുകളാണ് ആദ്യ സീസണില്‍ മാറ്റുരയ്ക്കുന്നത്.

സീറോ മലബാര്‍, ലത്തീന്‍ കത്തോലിക്ക, സീറോ മലങ്കര, മലങ്കര ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമാ തുടങ്ങിയ സഭകളിലെ വൈദികരാണ് മത്സരത്തിനിറങ്ങുന്നത്. വടവാതൂര്‍ സെമിനാരിയിലെ ഡീക്കന്മാരും പ്രത്യേക ക്ഷണിതാക്കളായി ടൂര്‍ണമെന്റിന്റെ ഭാഗമാകും.

ഷെപ്പേഡ്‌സ് XI, ഡിസൈപ്പിള്‍സ് കാഞ്ഞിരപ്പള്ളി, ഫെയ്ത്ത് സ്‌ട്രൈക്കേഴ്‌സ്, മാര്‍ത്തോമാ റോയല്‍സ്, കത്തനാര്‍ ക്രിക്കറ്റ് ക്ലബ്, പാലാ അച്ചായന്‍സ്, ഹൈറേഞ്ച് വാരിയേഴ്‌സ്, തൃശൂര്‍ പാതിരി ഗഡീസ്, മലബാര്‍ ഫൈറ്റേഴ്‌സ് തുടങ്ങി വ്യത്യസ്ത പേരുകളിലുള്ള ടീമുകളാണ് മത്സര രംഗത്തുള്ളത്.

കിരീട ജേതാക്കള്‍ക്ക് 50,000 ക്യാഷ് പ്രൈസും കെസിഎല്‍ ട്രോഫിയും ലഭിക്കും. ആദ്യ നാല് സ്ഥാനക്കാര്‍ക്കും ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും. മികച്ച ബാറ്റര്‍, മികച്ച ബൗളര്‍, പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്, മികച്ച വിക്കറ്റ് കീപ്പര്‍ തുടങ്ങിയ വ്യക്തിഗത പുരസ്‌കാരങ്ങളും ഉണ്ടാകും.

നാളെ വൈകുന്നേരം സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. മത്സരങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

വൈദികരുടെ ശാരീരികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിവിധ ക്രൈസ്തവ സഭകളിലെ വൈദികര്‍ തമ്മിലുള്ള സൗഹൃദവും സാഹോദര്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും ലീഗിനുണ്ട്.

സെമിനാരികളില്‍ ഒരുമിച്ച് പഠിച്ച ശേഷം വിവിധ രൂപതകളിലേക്ക് ശുശ്രൂഷയ്ക്കായി പിരിഞ്ഞുപോയ വൈദികര്‍ക്ക് വീണ്ടും ഒരുമിച്ച് കൂടാനും സൗഹൃദം പങ്കിടാനും കെസിഎല്‍ അവസരമൊരുക്കുന്നു. ഡിജിറ്റല്‍ ലോകത്ത് ഒതുങ്ങുന്ന പുതിയ തലമുറയെ കായിക വിനോദങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുകയെന്ന ലക്ഷ്യവും സംഘാടകര്‍ക്കുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.