മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമായ സഞ്ജു സാംസണിന്റെ സ്വാര്‍ത്ഥതയില്ലാത്ത കളിക്കളത്തിലെ നിലപാടിനെയും വ്യക്തിത്വത്തെയും വാനോളം പുകഴ്ത്തി ടി20 ടീം നായകന്‍ സൂര്യകുമാര്‍ യാദവ്. സ്വന്തം സ്ഥാനത്തേക്കാള്‍ ടീമിന്റെ വിജയത്തിന് പ്രഥമ പരിഗണന നല്‍കുന്ന അപൂര്‍വം കളിക്കാരില്‍ ഒരാളാണ് സഞ്ജുവെന്ന് ആകാശ് ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൂര്യകുമാര്‍ വെളിപ്പെടുത്തി.
ടീം കോമ്പിനേഷന്‍ കാരണം ചില നിര്‍ണായക മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന സാഹചര്യത്തിലും ടീമിനൊപ്പം ഉറച്ചുനിന്ന സഞ്ജുവിന്റെ വാക്കുകള്‍ തനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയതെന്ന് സൂര്യകുമാര്‍ പറഞ്ഞു.
'സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കുക എന്നത് ഞാന്‍ എടുത്തതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. എന്നാല്‍ ടീമിന്റെ ജയത്തിനായി ഉചിതമായ എന്ത് തീരുമാനവും ധൈര്യമായി എടുത്തുകൊള്ളാന്‍ സഞ്ജു എന്നോട് പറഞ്ഞു. എപ്പോള്‍ ടീമിന് ആവശ്യമുണ്ടോ അപ്പോള്‍ താന്‍ സജ്ജനായിരിക്കുമെന്നും അവസരങ്ങള്‍ക്കായി പരിശീലനം തുടരുമെന്നും അവന്‍ ഉറപ്പ് നല്‍കി. ടീമില്‍ സ്വന്തം സ്ഥാനം നിലനിര്‍ത്താനായി ശ്രമിക്കാത്ത, സ്വാര്‍ത്ഥത തീരെയില്ലാത്ത താരങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് അന്നാണ് ഞാന്‍ മനസിലാക്കിയത്.'- സൂര്യകുമാര്‍ വ്യക്തമാക്കി.
മോശം ഫോമിലൂടെ കടന്നുപോയ സമയത്തും ടീം മാനേജ്മെന്റും നായകനും നല്‍കിയ പിന്തുണ സഞ്ജുവിന് മുതല്‍ക്കൂട്ടായി. തുടര്‍ന്നു വന്ന ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ മിന്നുന്ന സെഞ്ചുറിയോടെയാണ് സഞ്ജു തിരിച്ചടിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ പോരാടി 216 റണ്‍സ് അടിച്ചുകൂട്ടി സഞ്ജു തന്റെ മികവ് വീണ്ടും തെളിയിച്ചു.
നല്ല മനുഷ്യര്‍ക്ക് നല്ല കാര്യങ്ങള്‍ മാത്രമേ സംഭവിക്കൂ. സഞ്ജു വളരെ നല്ലൊരു വ്യക്തിയാണ്. ആ തിരിച്ചുവരവിന് ശേഷം അവന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നും സൂര്യകുമാര്‍ യാദവ് കൂട്ടിച്ചേര്‍ത്തു. സഞ്ജുവിന്റെ ഈ നിലപാടും ബാറ്റിങിലെ മികച്ച പ്രകടനവും ടീമില്‍ അദേഹത്തോടുള്ള ബഹുമാനം വളരെയധികം വര്‍ധിപ്പിച്ചതായും ക്യാപ്റ്റന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.