എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ സാങ്കേതിക തകരാര്‍: യു.കെയില്‍ വ്യോമഗതാഗതം സ്തംഭിച്ചു; വിമാനത്താവളങ്ങളില്‍ വന്‍ തിരക്ക്

എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ സാങ്കേതിക തകരാര്‍: യു.കെയില്‍ വ്യോമഗതാഗതം സ്തംഭിച്ചു; വിമാനത്താവളങ്ങളില്‍ വന്‍ തിരക്ക്

ലണ്ടന്‍: ബ്രിട്ടനിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലുണ്ടായ അപ്രതീക്ഷിത സാങ്കേതിക തകരാറിനെ തുടര്‍ന്ന് രാജ്യത്തുടനീളമുള്ള വ്യോമഗതാഗത സംവിധാനം പൂര്‍ണമായും തടസപ്പെട്ടു. ചൊവ്വാഴ്ച മാത്രം 600 ല്‍ അധികം വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതായി പ്രമുഖ ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാര്‍ 24 വ്യക്തമാക്കുന്നു. യു.കെയിലെ നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസിന്റെ ഫ്‌ളൈറ്റ് പ്രോസസിങ് സംവിധാനത്തില്‍ ഉണ്ടായ തകരാറാണ് ഈ വന്‍ പ്രതിസന്ധിക്ക് കാരണമായത്.

പ്രശ്‌നം വേഗത്തില്‍ പരിഹരിക്കുകയും സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ തുടങ്ങുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചെങ്കിലും, തകരാറിന്റെ യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. ലണ്ടനിലെ പ്രമുഖ വിമാനത്താവളങ്ങളായ ഹീത്രൂ, സ്റ്റാന്‍സ്റ്റെഡ്, ലണ്ടന്‍ സിറ്റി എന്നിവയ്ക്ക് പുറമേ മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലെ വ്യോമനിലയങ്ങളെയും ഈ സാങ്കേതിക തടസം സാരമായി ബാധിച്ചു.

പ്രതിസന്ധി ബ്രിട്ടീഷ് എയര്‍വേയ്സ്, ഈസിജെറ്റ്, കെഎല്‍എം, ലുഫ്താന്‍സ തുടങ്ങിയ മുന്‍നിര എയര്‍ലൈനുകളുടെ സമയക്രമം പൂര്‍ണമായും തെറ്റിച്ചു. യു.കെയില്‍ മാത്രമായി ഒതുങ്ങാതെ യൂറോപ്പില്‍ ഉടനീളമുള്ള വിമാന സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകാന്‍ ഇത് കാരണമായതായി ബജറ്റ് എയര്‍ലൈനായ ഈസിജെറ്റ് പ്രതികരിച്ചു. ഹീത്രൂ വിമാനത്താവളത്തില്‍ നിന്നുള്ള ഹ്രസ്വദൂര യൂറോപ്യന്‍ സര്‍വീസുകളില്‍ ഭൂരിഭാഗവും റദ്ദാക്കുകയോ വൈകിക്കുകയോ ചെയ്തു.

വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും അനിശ്ചിതമായി വൈകുകയും ചെയ്തതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ ദുരിതത്തിലായത്. റണ്‍വേയില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങള്‍ക്കുള്ളില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ടി വന്നതായി യാത്രക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ വിഷമം പങ്കുവെച്ചു. കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ എയര്‍ലൈനുകള്‍ തയ്യാറായില്ലെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.

നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത്, വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് തങ്ങളുടെ ഫ്‌ളൈറ്റുകളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട എയര്‍ലൈനുകളുമായി വിളിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.