ടെഹ്റാന്‍: അമേരിക്കന്‍ സാമ്പത്തിക ഉപരോധങ്ങള്‍ക്ക് വഴങ്ങില്ലെന്നും ഹോര്‍മൂസ് കടലിടുക്കിന് പുറത്ത് ഗള്‍ഫിലെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നിയന്ത്രണ മേഖല പ്രഖ്യാപിക്കുമെന്നും ഇറാന്‍. അമേരിക്കയുടെ ഉപരോധമുള്ള പ്രദശത്ത് നിന്നാണ് നിയന്ത്രണ മേഖല തുടങ്ങുക എന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മേഖലയില്‍ പ്രവേശിക്കുന്ന കപ്പലുകളെ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. മൂന്ന് ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പ്രഖ്യാപനം.
ഇറാനിലെ ഔദ്യോഗിക പ്രക്ഷേപണ സ്ഥാപനത്തോടുള്ള പ്രതികരണത്തിനിടെയാണ് ഇറാന്‍ സുരക്ഷാ മോധാവി മൊഹ്‌സെന്‍ റെസായി ഇത് സംബന്ധിച്ച പരാമര്‍ശം നടത്തിയത്. എന്നാല്‍ നിര്‍ദ്ദിഷ്ട മേഖലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ഒരു മാസത്തോളം താരതമ്യേന ശാന്തമായ അന്തരീക്ഷത്തിനുശേഷമാണ് കഴിഞ്ഞ ആഴ്ച അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും ആക്രമണങ്ങള്‍ തുടങ്ങിയത്. പിന്നാലെ ഹോര്‍മൂസ് കടലിടുക്കിനെ ചുറ്റിപ്പറ്റി തന്നെയാണ് സംഘര്‍ഷം മുറുകുന്നത്.
ഇറാന്റെ സാമ്പത്തിക മേഖലയില്‍ പരിഷ്‌കാരങ്ങള്‍ വരുത്താനുള്ള പൂര്‍ണ ഉത്തരവാദിത്തം ഇറാന്‍ സര്‍ക്കാരിനാണെന്നും അല്ലാതെ യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിനല്ലെന്നും ഇറാന്‍ സാമ്പത്തിക കാര്യ മന്ത്രി അലി മദനി-സാദെ പറഞ്ഞു.
അമേരിക്കയുടെ നാവിക ഉപരോധ മേഖയില്‍ തുടങ്ങി ഹോര്‍മൂസ് കടലിടുക്കിലേക്ക് നീളുകയും അവിടെനിന്ന് പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതാകും ഇറാന്‍ പ്രഖ്യാപിച്ച പുതിയ നിയന്ത്രിത മേഖല എന്നാണ് പ്രാഥമിക വിവരം.
ഹോര്‍മൂസ് കടലിടുക്ക് വഴി കടന്നുപോകുക എന്ന ലക്ഷ്യത്തോടെ ഈ മേഖലയില്‍ പ്രവേശിക്കുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്ന ഏതൊരു കപ്പലും തങ്ങളുടെ ഉപരോധപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വിഷയത്തില്‍ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാനിയന്‍ തുറമുഖങ്ങളെ ലക്ഷ്യമിട്ടും ഇറാന്‍ എണ്ണ കയറ്റുമതി ചെയ്യുന്നത് തടയാനുമായി അമേരിക്ക ആഴ്ചകളായി ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധത്തെ കൂടി പ്രതിരോധിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നില്‍ എന്നാണ് വിലയിരുത്തല്‍.
എന്നാല്‍ തങ്ങളുടെ ഉപരോധത്തിന് പിന്തുണയായി ഇരുപതിലധികം യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് അമേരിക്കന്‍ സൈന്യം അറിയിച്ചിരുന്നത്. ഞായറാഴ്ചയോടെ ഈ ഉപരോധം 92 വാണിജ്യ കപ്പലുകളെ വഴിതിരിച്ചു വിടുകയും മൂന്നെണ്ണത്തിനെ പ്രവര്‍ത്തന രഹിതമാക്കുകയും ചെയ്തിരുന്നു.
ഇറാനുമേല്‍ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ നടപടികള്‍ അമേരിക്ക സ്വീകരിച്ചു വരികയാണ്. അതേസമയം, ഹോര്‍മൂസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ശ്രമിക്കുന്ന ചില കപ്പലുകള്‍ക്കുനേരെ ഇറാന്‍ ആക്രമണം തുടരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.