രാജവെമ്പാലയുടെ വിഷം വരെ നിര്‍വീര്യമാക്കും; പുതിയ ആന്റിവെനം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

രാജവെമ്പാലയുടെ വിഷം വരെ നിര്‍വീര്യമാക്കും; പുതിയ ആന്റിവെനം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം കാണപ്പെടുന്ന വിവിധ തരം മൂര്‍ഖന്‍ പാമ്പുകളുടെയും രാജവെമ്പാലയുടെയും വരെ വിഷം നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള ആന്റിവെനം വികസിപ്പിച്ചു.

ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാര്‍ക്കിന്റെ സഹായത്തോടെയാണ് ഈ ആന്റിവെനം വികസിപ്പിച്ചത്.

നിലവില്‍ എല്ലാ മൂര്‍ഖന്‍ പാമ്പുകളുടെയും വിഷം പ്രതിരോധിക്കുന്ന ആന്റിവെനം ഇല്ല. നിലവിലുള്ള ഭൂരിഭാഗം ആന്റിവെനങ്ങളും കുതിരകളുടെ പ്ലാസ്മയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ആന്റിബോഡികള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. അവ അനേകം ജീവനുകള്‍ രക്ഷിച്ചിട്ടുണ്ടെങ്കിലും പാമ്പിന്റെ വര്‍ഗവും പ്രദേശവും അനുസരിച്ച് അവയുടെ ഫലപ്രാപ്തിയില്‍ വ്യത്യാസം വരാം.

നാനോ ബോഡികള്‍ അല്ലെങ്കില്‍ വിഎച്ച്എച്ച്എസ് എന്നറിയപ്പെടുന്ന അഞ്ച് പ്രത്യേക ആന്റി ബോഡികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു റീകോംബിനന്റ് ആന്റിവെനത്തെ കുറിച്ചാണ് പുതിയ ഗവേഷണം.

ഇന്ത്യയിലെ മൂര്‍ഖന്‍, രാജവെമ്പാല എന്നിവയുടെ വിഷത്തില്‍ സാധാരണയായി കാണപ്പെടുന്ന മൂന്ന് പ്രധാന ടോക്സിന്‍ ഗ്രൂപ്പുകളെ ( ആല്‍ഫാ ന്യൂറോടോക്സിനുകള്‍, സൈറ്റോടോക്സിനുകള്‍, ഫോസ്ഫോലിപേസസ് എ2) നിര്‍വീര്യമാക്കാനാണ് ശാസ്ത്രജ്ഞര്‍ ഈ കോക്ടെയില്‍ തയ്യാറാക്കിയത്.

പാമ്പു കടിയേറ്റല്‍ തളര്‍വാതം, കോശങ്ങള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍, ജീവന് ഭീഷണിയാകുന്ന മറ്റു പാര്‍ശ്വഫലങ്ങള്‍ എന്നിവയ്ക്ക് ഈ ടോക്സിനുകള്‍ കാരണമാകാം. എലികളിലാണ് പരീക്ഷണം നടത്തിയത്.

ലോകമെമ്പാടുമായി പ്രതിവര്‍ഷം ലക്ഷത്തിലധികം ആളുകള്‍ പാമ്പുകടിയേറ്റ് മരിക്കുന്നുണ്ട്. ഇതില്‍ പകുതിയോളം മരണങ്ങളും ഇന്ത്യയിലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.