തിരുവനന്തപുരം: സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഓഫീസുകള്‍ വയോജന സൗഹൃദമാക്കാന്‍ രാജ്യത്ത് ആദ്യമായി സമഗ്ര സര്‍ട്ടിഫിക്കേഷന്‍ പദ്ധതിയുമായി കേരളം. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓഫീസുകളില്‍ കൂടുതല്‍ സുഗമവും ആയാസരഹിതവുമായ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ചരിത്രപരമായ നീക്കം. പുതുതായി രൂപീകരിച്ച വയോജനക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയിലൂടെ മാതൃകാപരമായ സേവനങ്ങള്‍ നല്‍കുന്ന ഓഫീസുകള്‍ക്ക് ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പദവികള്‍ നല്‍കി ആദരിക്കും.
ആദ്യ ഘട്ടത്തില്‍ വില്ലേജ് ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍, ട്രാന്‍സ്‌പോര്‍ട്ട് കൗണ്ടറുകള്‍ എന്നിവയിലാണ് സര്‍ട്ടിഫിക്കേഷന്‍ ഏര്‍പ്പെടുത്തുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന വയോജനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളായ ക്യൂ നില്‍ക്കാനുള്ള ബുദ്ധിമുട്ട്, ചെറിയ അക്ഷരങ്ങളിലെ ഫോമുകള്‍, കയറിയിറങ്ങാന്‍ പ്രയാസമുള്ള പടികള്‍ എന്നിവ പരിഹരിച്ച് ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടു വരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പടികളില്ലാത്ത പ്രവേശനം, താഴത്തെ നിലയില്‍ ശൗചാലയങ്ങള്‍, വയോജനങ്ങള്‍ക്കായി പ്രത്യേക ക്യൂ, വഴി കാട്ടാന്‍ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവ നിര്‍ബന്ധമായും ഓഫീസുകളില്‍ ഒരുക്കേണ്ടതുണ്ട്.
ഓഫീസുകളുടെ പ്രവര്‍ത്തനമികവ് വിലയിരുത്താന്‍ പ്രത്യേക സ്‌ക്രീനിങ് ബോഡിയെ ചുമതലപ്പെടുത്തും. അഞ്ച് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയാണ് സ്‌കോറിങ് നിശ്ചയിച്ചിരിക്കുന്നത്. കെട്ടിടത്തിലേക്കുള്ള പ്രവേശന സൗകര്യത്തിന് 30 ശതമാനവും സേവനങ്ങളുടെ ലഭ്യതയ്ക്ക് 25 ശതമാനവും ജീവനക്കാരുടെ പെരുമാറ്റത്തിന് 20 ശതമാനവും മൂല്യനിര്‍ണയത്തില്‍ പങ്കുണ്ടാകും. വിവര ലഭ്യതയ്ക്ക് 15 ശതമാനവും പങ്കാളിത്തത്തിന് 10 ശതമാനവും വിഹിതം നല്‍കിയാണ് ഓഫീസുകളെ ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പദവികള്‍ക്കായി തിരഞ്ഞെടുക്കുന്നത്.
ഇന്ത്യയില്‍ വയോജനങ്ങളുടെ അനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന്റെ ഈ ചുവടുവെപ്പ് രാജ്യത്തിന് തന്നെ മാതൃകയാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.