ബ്രിക്‌സ് ഉച്ചകോടി: സംയുക്ത പ്രസ്താവനയില്‍ ധാരണയാകാതെ അംഗ രാജ്യങ്ങള്‍; ഇന്ത്യക്ക് നയതന്ത്ര വെല്ലുവിളി

ബ്രിക്‌സ് ഉച്ചകോടി: സംയുക്ത പ്രസ്താവനയില്‍ ധാരണയാകാതെ അംഗ രാജ്യങ്ങള്‍; ഇന്ത്യക്ക് നയതന്ത്ര വെല്ലുവിളി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ പ്രതിസന്ധിയും റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷവും ആഗോള സാമ്പത്തിക-രാഷ്ട്രീയ രംഗത്ത് വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. എന്നാല്‍ ഉച്ചകോടിയുടെ സമാപനത്തില്‍ പുറത്തിറക്കേണ്ട സംയുക്ത പ്രസ്താവനയെച്ചൊല്ലി അംഗ രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാകുന്നത് ആതിഥേയ രാജ്യമായ ഇന്ത്യക്ക് വന്‍ നയതന്ത്ര വെല്ലുവിളിയാകുന്നു.

പശ്ചിമേഷ്യന്‍ യുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇറാനും യു.എ.ഇയും തമ്മില്‍ ശക്തമായ അഭിപ്രായവ്യത്യാസമാണ് പ്രകടമാകുന്നത്. തങ്ങള്‍ക്കെതിരെ നടന്നത് ഏകപക്ഷീയമായ ആക്രമണമാണെന്നും ഇത് ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറുകളുടെ ലംഘനമാണെന്നും പ്രസ്താവനയില്‍ രേഖപ്പെടുത്തണമെന്ന് ഇറാന്‍ വാദിക്കുന്നു. എന്നാല്‍ ഇറാന്റെ ഭാഗത്തുനിന്ന് തങ്ങളുടെ പരമാധികാരത്തിനും ഭൂപ്രദേശത്തിനും നേരെ ഉണ്ടായ ആക്രമണങ്ങളും സംയുക്ത പ്രസ്താവനയില്‍ ഉള്‍പ്പെടുത്തണമെന്ന് യു.എ.ഇയും സൗദി അറേബ്യയും ആവശ്യപ്പെടുന്നു.

തീവ്രമായ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുപക്ഷത്തിനും സ്വീകാര്യമായ രീതിയില്‍ നയതന്ത്രരേഖ തയ്യാറാക്കുക എന്നത് ഇന്ത്യക്ക് എളുപ്പമല്ല. ചൈന, റഷ്യ തുടങ്ങിയ പ്രമുഖ രാജ്യങ്ങളുടെ സാന്നിധ്യവും അംഗ രാജ്യങ്ങളുടെ നിലപാടുകളും കാരണം സംയുക്ത പ്രസ്താവനയില്ലാതെ ഉച്ചകോടി അവസാനിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ടെങ്കിലും അനുരഞ്ജന പാത തെളിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ വിദേശകാര്യ ഉദ്യോഗസ്ഥര്‍.

അതേസമയം ഗാസയെ അധിനിവേശ പാലസ്തീന്‍ പ്രദേശത്തിന്റെ ഭാഗമായി വിശേഷിപ്പിക്കുന്ന മുന്‍ ബ്രസീല്‍ ഉച്ചകോടിയിലെ നിലപാട് നിലനിര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ പാലസ്തീന്‍ വിഷയത്തില്‍ കാര്യമായ തര്‍ക്കങ്ങളില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.