തിരുവനന്തപുരം: കേരളത്തിലെ ജയിലുകളില്‍ അന്തേവാസികള്‍ക്ക് നല്‍കി വരുന്ന രാജകീയ ഭക്ഷണക്രമത്തിന് പൂട്ടിടാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം. ജയില്‍ പുള്ളികളുടെ പ്രധാന വിഭവങ്ങളായ മട്ടന്‍ കറിയും മീന്‍ കറിയും ദിനചര്യയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാനുള്ള നിര്‍ദേശമാണ് ആഭ്യന്തര വകുപ്പിന് മുന്നിലെത്തിയിരിക്കുന്നത്. അനാവശ്യ ചെലവുകള്‍ കുറയ്ക്കുന്നതിനൊപ്പം തടവുകാരുടെ ആരോഗ്യ സംരക്ഷണവും കൂടി ലക്ഷ്യമിട്ടാണ് ജയില്‍ വകുപ്പ് ഇത്തരം ഒരു പരിഷ്‌കരണത്തിന് ഒരുങ്ങുന്നത്.
നിലവില്‍ മട്ടന്‍ വിഭവത്തിനായി മാത്രം വര്‍ഷം തോറും 5.72 കോടി രൂപയും മീന്‍ കറിക്കായി 4.8 കോടി രൂപയുമാണ് ഖജനാവില്‍ നിന്ന് ചെലവിടുന്നത്. എന്നാല്‍ മട്ടനും മീനും പൂര്‍ണമായി ഒഴിവാക്കി പകരം കോഴിക്കറി, സോയാബീന്‍ ചങ്ക്‌സ്, മുട്ട എന്നിവ ഉള്‍പ്പെടുത്തുന്നതിലൂടെ പ്രതിവര്‍ഷം ഏകദേശം 5.7 കോടി രൂപയോളം ലാഭിക്കാന്‍ സാധിക്കുമെന്ന് ജയില്‍ വകുപ്പ് വ്യക്തമാക്കുന്നു. ഇതിനുപുറമേ തടവുകാര്‍ക്ക് ആട്ടിറച്ചി പോലുള്ള റെഡ് മീറ്റ് തുടര്‍ച്ചയായി നല്‍കുന്നത് വഴി ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലും ഈ മാറ്റത്തിന് പ്രധാന പ്രേരണയായിട്ടുണ്ട്. അതേസമയം മട്ടന്‍, മീന്‍ എന്നിവ വന്‍ തോതില്‍ ഗുണനിലവാരത്തോടെ വാങ്ങുന്നതിലും സൂക്ഷിക്കുന്നതിലുമുള്ള പ്രായോഗിക തടസങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
ജയില്‍ മേധാവി എസ്. ശ്രീജിത്ത് സമര്‍പ്പിച്ച പുതിയ ശുപാര്‍ശ പ്രകാരം ഉയര്‍ന്ന ചെലവുള്ള മട്ടന് പകരം ആഴ്ചയില്‍ 1.26 കോടി രൂപ മാത്രം ചെലവ് വരുന്ന കോഴിക്കറി നല്‍കാനാണ് തീരുമാനം. അതുപോലെ മീന്‍ കറിക്ക് പകരം 3.4 കോടി രൂപ ചെലവില്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ സോയാബീന്‍ ചങ്ക്‌സും മുട്ടയും വിതരണം ചെയ്യാനും പദ്ധതിയിടുന്നു.
1967 ലാണ് കേരളത്തിലെ ജയില്‍ ഭക്ഷണത്തില്‍ ആദ്യമായി മട്ടന്‍ ഉള്‍പ്പെടുത്തുന്നത്. പിന്നീട് 2014 ലെ മെനു പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഉണക്കമീന്‍ ഒഴിവാക്കി പുതിയ മീന്‍ കറി നിര്‍ബന്ധമാക്കിയത്. അങ്ങനെ ദീര്‍ഘകാലമായി തുടരുന്ന ഈ വിഭവ രീതിക്കാണ് ഇപ്പോള്‍ വിരാമമാകാന്‍ പോകുന്നത്.
അതേസമയം ജയിലുകളിലെ മറ്റ് ദൈനംദിന ഭക്ഷണ ക്രമങ്ങളില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തുന്നില്ല. പ്രഭാത ഭക്ഷണമായി ഇഡലി, ദോശ, ചപ്പാത്തി, ഉപ്പുമാവ് എന്നിവയും അവയ്‌ക്കൊപ്പം കറികളും ചായയും ലഭിക്കും. ഉച്ചയ്ക്കും രാത്രിയിലുമായി ചോറിനൊപ്പം അവിയല്‍, തീയല്‍, തോരന്‍, പുളിശേരി, കപ്പ, രസം, അച്ചാര്‍ എന്നിവ മാറിമാറി നല്‍കുന്നത് തുടരും. മാംസാഹാരം കഴിക്കാത്ത സസ്യഭുക്കുകള്‍ക്ക് അധിക പച്ചക്കറി വിഭവങ്ങളും, രോഗികളായ അന്തേവാസികള്‍ക്ക് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരമുള്ള പ്രത്യേക ഭക്ഷണവും തുടര്‍ന്നും ലഭ്യമാക്കും.
ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ചും ഖജനാവിന് വലിയ ആശ്വാസം പകര്‍ന്നും സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന ഈ തീരുമാനത്തിന് വലിയ പിന്തുണയാണ് പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.