ന്യൂഡല്‍ഹി: അന്താരാഷ്ട്ര സാമ്പത്തിക കൂട്ടായ്മയായ ബ്രിക്സില്‍ അംഗത്വം നേടാന്‍ പാകിസ്ഥാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് അനിശ്ചിതത്വത്തില്‍. 2023 ല്‍ ഔദ്യോഗികമായി അംഗത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടും, പാകിസ്ഥാന്റെ ആവശ്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. ചൈനയുടെയും റഷ്യയുടെയും തന്ത്രപരമായ പിന്തുണ നേടിയെടുക്കാന്‍ പാകിസ്ഥാന്‍ പരമാവധി ശ്രമിച്ചെങ്കിലും, ഇന്ത്യയുടെ ഉറച്ച നിലപാട് ഇതിന് തിരിച്ചടിയാവുകയായിരുന്നു.
കൂട്ടായ്മയുടെ ചട്ടപ്രകാരം പുതിയൊരു രാജ്യത്തിന് അംഗത്വം നല്‍കണമെങ്കില്‍ നിലവിലുള്ള എല്ലാ അംഗ രാജ്യങ്ങളുടെയും പൂര്‍ണമായ പിന്തുണ ആവശ്യമാണ്. എന്നാല്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഈ ആഗോള വേദിയില്‍ പാകിസ്ഥാന്റെ സാന്നിധ്യത്തെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുന്നു. ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തി കൂട്ടായ്മ ബ്രിക്സ് പ്ലസ് ആയി വിപുലീകരിച്ചപ്പോഴും ഇന്ത്യയുടെ നയതന്ത്ര തടസം കാരണം പാകിസ്ഥാന് പുറത്തുനില്‍ക്കേണ്ടി വന്നു.
കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനും അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക് എന്നിവയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് പാകിസ്ഥാന്‍ ഈ കൂട്ടായ്മയില്‍ ഇടംപിടിക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ബ്രിക്സിന്റെ കീഴിലുള്ള ന്യൂ ഡെവലപ്മെന്റ് ബാങ്കില്‍ 580 ദശലക്ഷം ഡോളറിന്റെ ഓഹരി നിക്ഷേപവും പാകിസ്ഥാന്‍ നടത്തിയിരുന്നു. നിലവില്‍ 3.70 ശതമാനം മാത്രം ജി.ഡി.പി വളര്‍ച്ചയുള്ള പാകിസ്ഥാന് പുതിയ നിക്ഷേപ സ്രോതസുകള്‍ കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
ലോക ജനസംഖ്യയുടെ 49 ശതമാനത്തെയും ആഗോള സാമ്പത്തിക ഉല്‍പ്പാദനത്തിന്റെ 40 ശതമാനത്തെയും പ്രതിനിധീകരിക്കുന്ന ബ്രിക്സ്, ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ ഏറ്റവും ശക്തമായ വേദിയായി മാറിയിരിക്കുകയാണ്. പാകിസ്ഥാന് പുറമെ 29-ഓളം രാജ്യങ്ങള്‍ നിലവില്‍ ഈ വലിയ കൂട്ടായ്മയുടെ ഭാഗമാകാന്‍ കാത്തിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.