റിയാദ്: പശ്ചിമേഷ്യയെ ഒന്നാകെ ആശങ്കയിലാഴ്ത്തി സൗദി അറേബ്യയുടെ തന്ത്രപ്രധാന മേഖലകള്‍ക്ക് നേരെ കനത്ത ആക്രമണം. ഇറാഖില്‍ നിന്നുണ്ടായ ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ തങ്ങളുടെ പ്രമുഖ ഈസ്റ്റ്-വെസ്റ്റ് ഓയില്‍ പൈപ്പ്ലൈനിന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവച്ചു. ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളാണ് പൈപ്പ് ലൈന്‍ ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അതിര്‍ത്തികളില്‍ സംഘര്‍ഷം കനത്തതോടെ ഇറാന്‍-ഇറാഖ് അതിര്‍ത്തി പൂര്‍ണമായും അടച്ചു. അക്രമത്തെ മുസ്ലീം വേള്‍ഡ് ലീഗ് ശക്തമായി അപലപിച്ചു.
പെരിം ദ്വീപും തീരദേശ പ്രദേശങ്ങളും ഹൂതി നിയന്ത്രണത്തില്‍
മേഖലയിലെ സമാധാന അന്തരീക്ഷ തകര്‍ക്കുന്ന മറ്റൊരു പ്രധാന നീക്കത്തില്‍, ചെങ്കടലിലെ പ്രധാന കപ്പല്‍പ്പാതയായ ബാബുല്‍ മന്‍ദിബ് കടലിടുക്കിലെ അത്യന്തം തന്ത്രപ്രധാനമായ പെരിം ദ്വീപ് ഇറാന്‍ പിന്തുണയുള്ള ഹൂതി സായുധ സംഘം പിടിച്ചെടുത്തു. ഹൂതികളുടെ മുന്നേറ്റത്തിന് പിന്നാലെ സൗദി പിന്തുണയുള്ള യമന്‍ സര്‍ക്കാര്‍ സേന ദ്വീപില്‍ നിന്ന് പിന്‍വാങ്ങി.
പെരിം ദ്വീപിന് പുറമെ സമീപത്തുള്ള തീരദേശ നഗരമായ ധൂബാബും ചെങ്കടല്‍ തീരത്തെ മറ്റ് ആറ് പ്രദേശങ്ങളും യമന്‍ സേനയെ തുരത്തി തങ്ങളുടെ നിയന്ത്രണത്തിലാക്കിയതായി ഹൂതികള്‍ അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസപ്പെട്ടതോടെ സൗദിയില്‍ നിന്നുള്ള ഭൂരിഭാഗം എണ്ണക്കപ്പലുകളും ബാബുല്‍ മന്‍ദിബ് വഴിയാണ് കടന്നുപോയിരുന്നത്. അതിനാല്‍ പെരിം ദ്വീപിന്റെ നഷ്ടം സൗദിക്കും അന്താരാഷ്ട്ര എണ്ണ വിപണിക്കും വലിയ തിരിച്ചടിയാണ്.
അതേസമയം ഹൂതികളുടെ കടന്നുകയറ്റം തടയാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി രണ്ട് തവണ നേരിട്ട് സംസാരിച്ച് സൈനിക സഹായം അഭ്യര്‍ഥിച്ചെങ്കിലും ട്രംപ് അത് നിരസിച്ചതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഹൂതികളുമായി നേരിട്ടൊരു ഏറ്റുമുട്ടലിന് ഇല്ലെന്നാണ് അമേരിക്കയുടെ നിലപാട്.
അടിയന്തര ചര്‍ച്ച തിങ്കളാഴ്ച ഒമാനില്‍
സൗദിയുടേത് ഒഴികെയുള്ള മറ്റ് രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ചെങ്കടലിലൂടെ സുരക്ഷിതമായി സഞ്ചരിക്കാമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ തടസപ്പെട്ട ഹോര്‍മുസ് വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളുമായും ഇറാഖുമായും തിങ്കളാഴ്ച ഒമാനില്‍ വച്ച് നിര്‍ണായക ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം ഹോര്‍മുസിലൂടെ കേവലം ഏഴ് കപ്പലുകള്‍ മാത്രമാണ് കടന്ന് പോയത്. ഇത് മേഖലയിലെ കപ്പല്‍ ഗതാഗത തടസത്തിന്റെയും സുരക്ഷാ ആശങ്കയുടെയും വ്യാപ്തി വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.