ചെങ്കടലില്‍ അറബ്-ഇസ്രയേല്‍ സംയുക്ത പോരാട്ടത്തിന് സാധ്യത: ഹൂതികളെ ചെറുക്കാന്‍ അറബ് രാജ്യങ്ങള്‍ക്ക് ഇസ്രയേല്‍ പിന്തുണ

ചെങ്കടലില്‍ അറബ്-ഇസ്രയേല്‍ സംയുക്ത പോരാട്ടത്തിന് സാധ്യത: ഹൂതികളെ ചെറുക്കാന്‍ അറബ് രാജ്യങ്ങള്‍ക്ക് ഇസ്രയേല്‍ പിന്തുണ

ടെല്‍ അവീവ്: ചെങ്കടലിലും തന്ത്രപ്രധാനമായ ബാബ് അല്‍-മന്ദേബ് കടലിടുക്കിലും സാന്നിധ്യം ശക്തമാക്കുന്ന യമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്കെതിരെ പ്രത്യാക്രമണത്തിന് തയ്യാറെടുത്ത് ഇസ്രയേല്‍. ഹൂതി ഭീഷണിയെ സംയുക്തമായി ചെറുക്കുന്നതിനായി അറബ് രാജ്യങ്ങള്‍ക്ക് സാധ്യമായ എല്ലാ സൈനിക സഹായങ്ങളും പിന്തുണയും നല്‍കാന്‍ ഇസ്രയേല്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യു.എസ് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ലെബനീസ് പത്രമായ അല്‍ അക്ബര്‍ ആണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഈ നിര്‍ണായക വാഗ്ദാനം സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. യമന്റെ പടിഞ്ഞാറന്‍ തീരമേഖലകളില്‍ ഹൂതികള്‍ വന്‍തോതില്‍ ശക്തി പ്രാപിക്കുന്നതും പെരിം ദ്വീപ് പോലുള്ള നിര്‍ണായക കേന്ദ്രങ്ങളിലേക്ക് മുന്നേറുന്നതും ബാബ് അല്‍-മന്ദേബിലൂടെയുള്ള ആഗോള വാണിജ്യ കപ്പല്‍ ഗതാഗതത്തിന് ഗുരുതര ഭീഷണിയുയര്‍ത്തുന്നുണ്ട്. ഈ കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം ഹൂതികള്‍ കൈക്കലാക്കുന്നത് ഹോര്‍മുസ് കടലിടുക്കിലെ അസ്ഥിരതയേക്കാള്‍ കനത്ത പ്രത്യാഘാതങ്ങള്‍ പശ്ചിമേഷ്യയില്‍ സൃഷ്ടിക്കുമെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തല്‍.

ഇസ്രയേലിന്റെ സാമ്പത്തിക-വ്യാപാര മേഖലകള്‍ക്ക് അത്യന്താപേക്ഷിതമായ ഈ സമുദ്രപാത വഴി ഭാവിയില്‍ കനത്ത പ്രത്യാക്രമണങ്ങള്‍ ഉണ്ടാകാമെന്ന ആശങ്കയിലാണ് ഇസ്രയേല്‍ പ്രതിരോധ നേതൃത്വം. അതേസമയം യമനില്‍ ഔദ്യോഗിക സര്‍ക്കാരിനെ പിന്തുണച്ച് പോരാടുന്ന സൗദി അറേബ്യ ഇസ്രയേലിന്റെ ഈ സഹകരണ വാഗ്ദാനത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മുന്‍പ് ഹൂതികള്‍ക്കെതിരെ വ്യോമാക്രമണം ശക്തമാക്കണമെന്ന സൗദിയുടെ ആവശ്യം യു.എസ് നിരസിച്ച പശ്ചാത്തലത്തില്‍, ഇസ്രയേലിന്റെ ഈ നീക്കം മേഖലയിലെ രാഷ്ട്രീയ-സൈനിക സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തുറന്നേക്കും.

ചെങ്കടല്‍ വഴി ഉണ്ടായേക്കാവുന്ന കടന്നുകയറ്റങ്ങള്‍ പ്രതിരോധിക്കുന്നതിനായി ഇസ്രയേലിന്റെ ഈലാറ്റ് തുറമുഖ നഗരത്തില്‍ വന്‍തോതിലുള്ള സൈനിക അഭ്യാസ പ്രകടനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഈ അഭ്യാസത്തില്‍ നഗരത്തിലെ സ്‌കൂളുകള്‍, ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ പിടിച്ചെടുക്കുന്ന സാഹചര്യങ്ങളും ബന്ദികളാക്കല്‍ സംഭവങ്ങളും എങ്ങനെ നേരിടാമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വിശദമായി പരിശോധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.