ന്യൂഡല്‍ഹി: വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിന്റെ പതിനെട്ടാമത് ഉച്ചകോടി ന്യൂഡല്‍ഹിയില്‍ സമാപിച്ചു. ചൈനയാണ് അടുത്ത ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആഗോള തലത്തില്‍ സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ വെല്ലുവിളികളെ നേരിടാനും മാനവരാശിക്കായി അഭിവൃദ്ധി പ്രാപിക്കാനും സഹകരണത്തിലൂടെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിലൂടെയും ബ്രിക്സ് മുന്നേറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സമാപന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു.
ഉച്ചകോടിയില്‍ അംഗീകരിച്ച ന്യൂഡല്‍ഹി പ്രഖ്യാപനം നമ്മുടെ കാഴ്ചപ്പാടിനും ഭാവി സഹകരണത്തിനും വ്യക്തമായ ദിശാബോധം നല്‍കുമെന്ന് പ്രത്യാശിക്കുന്നു. ബ്രിക്സ് അതിന്റെ മൂന്നാം പതിറ്റാണ്ടിലേക്ക് കടക്കുകയാണ്. കേവലം ആശയങ്ങളും വാഗ്ദാനങ്ങളുമല്ല, മറിച്ച് മൂര്‍ത്തമായ ഫലങ്ങളാണ് ലോകം ഇപ്പോള്‍ നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് മോഡി പറഞ്ഞു.
കൂട്ടായ പരിശ്രമങ്ങളിലൂടെ ഈ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ നമുക്ക് തീര്‍ച്ചയായും കഴിയും. അടുത്ത ആതിഥേയ രാജ്യമെന്ന നിലയില്‍ ചൈനയ്ക്ക് എല്ലാവിധ ആശംസകളും നേര്‍ന്ന പ്രധാനമന്ത്രി, സമ്മേളനത്തില്‍ പങ്കെടുത്ത ലോക നേതാക്കള്‍ക്ക് നന്ദി അറിയിച്ചു.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ഡെപ്യൂട്ടി പ്രധാനമന്ത്രി ഡെനിസ് മണ്ടുറോവ്, വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലി, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്തായെല്‍ സിസി, ഉഗാണ്ട വൈസ് പ്രസിഡന്റ് ജെസീക്ക അലൂപോ, നൈജീരിയന്‍ വൈസ് പ്രസിഡന്റ് കാഷിം ഷെട്ടിമ, ബ്രസീല്‍ വിദേശകാര്യ മന്ത്രി മൗറോ വിയേറിയ, ഉറൂഗ്വായ് വിദേശകാര്യ മന്ത്രി മരിയോ ലുബേദ്കിന്‍ തുടങ്ങിയ ലോക നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.