ഇന്തോനേഷ്യയില്‍ 243 പേരുമായി യാത്രാ കപ്പല്‍ കാണാതായി: ഒരു മരണം, 103 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഇന്തോനേഷ്യയില്‍ 243 പേരുമായി യാത്രാ കപ്പല്‍ കാണാതായി: ഒരു മരണം, 103 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവാ കടലില്‍ 243 പേരുമായി സഞ്ചരിച്ച യാത്രാ കപ്പല്‍ കാണാതായി. കിഴക്കന്‍ ജാവയിലെ സുരബായയില്‍ നിന്ന് ദക്ഷിണ കലിമന്താനിലെ ബന്‍ജര്‍മാസിനിലേക്ക് പോകുകയായിരുന്ന വിര്‍ഗോ ട്രാന്‍സ്പോര്‍ട്ട് 8 എന്ന കപ്പലാണ് ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായത്.

കപ്പലില്‍ 213 യാത്രക്കാരും 30 ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. കപ്പലില്‍നിന്ന് 103 പേരെ രക്ഷപ്പെടുത്തിയതായും ഒരാള്‍ മരിച്ചതായും ഇന്തോനേഷ്യന്‍ രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു.

കപ്പലിന്റെ കൃത്യമായ സ്ഥാനം ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും മറ്റ് യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു. കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചിരുന്നു.

ബന്‍ജര്‍മാസിനിലെ തുറമുഖത്ത് നിന്ന് ഏകദേശം 148 കിലോ മീറ്റര്‍ അകലെ നിന്നാണ് കപ്പലില്‍ നിന്ന് അവസാന സിഗ്‌നല്‍ ലഭിച്ചത്. മോശം കാലാവസ്ഥയാണ് കപ്പലിന്റെ യാത്രക്ക് പ്രധാന വെല്ലുവിളിയായതെന്ന് അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച രാവിലെ സുരബായയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ജാവാ കടല്‍ കടന്ന് ബന്‍ജര്‍മാസിനിലേക്കാണ് പോയിരുന്നത്. യാത്രക്കിടെ കപ്പല്‍ പ്രതികൂല കാലാവസ്ഥ നേരിട്ടതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു.

കപ്പലില്‍ നിന്ന് അവസാനമായി സിഗ്‌നല്‍ ലഭിച്ച സ്ഥാനത്തേക്ക് രക്ഷാ കപ്പലുകളും ഹെലികോപ്റ്ററുകളും മറ്റ് സംവിധാനങ്ങളും അയച്ചിട്ടുണ്ട്. കടലിലെ കാലാവസ്ഥ നിരീക്ഷിച്ചുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.