ന്യൂഡല്‍ഹി: ആഗോള വാണിജ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന തീരുമാനങ്ങളോടെ ഡല്‍ഹിയില്‍ നടന്ന ബ്രിക്സ് ഉച്ചകോടി സമാപിച്ചു. വ്യാപാര ഇടപാടുകളില്‍ യു.എസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി അംഗ രാജ്യങ്ങള്‍ക്കിടയില്‍ പ്രാദേശിക കറന്‍സികള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹനം നല്‍കുമെന്ന് വ്യക്തമാക്കുന്ന സംയുക്ത പ്രസ്താവന എല്ലാ അംഗങ്ങളുടെയും പരിപൂര്‍ണ പിന്തുണയോടെ പുറത്തിറക്കി.
ഭാരത മണ്ഡപത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ചരിത്രപരമായ ഈ സംയുക്ത പ്രഖ്യാപന രേഖ രാജ്യങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചത്. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തണമെന്നും വികസന കുതിപ്പ് തുടരുന്ന ഇന്ത്യയ്ക്കും ബ്രസീലിനും അതില്‍ അര്‍ഹമായ സ്ഥിരാംഗത്വം നല്‍കണമെന്നുമുള്ള നീക്കങ്ങള്‍ക്ക് റഷ്യയുടെയും ചൈനയുടെയും പിന്തുണ വീണ്ടും ഉറപ്പിച്ചത് ഇന്ത്യയുടെ നയതന്ത്ര ദൗത്യങ്ങളുടെ വലിയ വിജയമായി വിലയിരുത്തപ്പെടുന്നു.
ആഫ്രിക്കന്‍, ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ മേഖലകളിലെ വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് യു.എന്‍ രക്ഷാസമിതിയില്‍ അര്‍ഹമായ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പ്രസ്താവന അടിവരയിടുന്നു. സംഘര്‍ഷ ഭരിതമായ പശ്ചിമേഷ്യയില്‍ അടിയന്തരമായി സമാധാനം പുനസ്ഥാപിക്കാനും ഗാസയിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായ മാനുഷിക സഹായം ലഭ്യമാക്കാനും കൂട്ടായ്മ ആവശ്യപ്പെട്ടു. പാലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് അന്തിമ പോംവഴിയെന്ന് അടിവരയിട്ട ബ്രിക്സ് രാജ്യങ്ങള്‍, ചെങ്കടലില്‍ അടക്കം അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനും കടല്‍ യാത്രക്കാര്‍ക്കും സുരക്ഷ ഉറപ്പ് വരുത്തണമെന്നും ഭീകരവാദത്തെയും ഏകപക്ഷീയമായ അക്രമങ്ങളെയും ശക്തമായ ഭാഷയില്‍ തള്ളിക്കളയണമെന്നും സംയുക്തമായി പ്രഖ്യാപിച്ചു.
ലോകത്ത് അധികാര കേന്ദ്രീകരണം ചില രാജ്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബ്രിക്സ് സഖ്യം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് എതിരല്ലെന്നും ഉച്ചകോടിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓര്‍മിപ്പിച്ചു. ഗ്ലോബല്‍ സൗത്തിന്റെ ശബ്ദം ഇനി കേവലം തീരുമാനങ്ങള്‍ നടപ്പാക്കുന്ന തലത്തിലല്ല, മറിച്ച് ആഗോള നിയമങ്ങള്‍ നിര്‍മിക്കുന്ന ഘട്ടത്തിലേക്ക് വളരേണ്ടതുണ്ടെന്ന് അദേഹം പ്രഖ്യാപിച്ചു.
കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം വര്‍ഷം തോറും മാറുന്നെങ്കിലും പ്രവര്‍ത്തന തടസങ്ങള്‍ ഒഴിവാക്കാന്‍ ബ്രിക്സ് തുടര്‍ച്ച നടപ്പാക്കല്‍ സംവിധാനം വേണമെന്ന നിര്‍ദേശവും അദേഹം ഉച്ചകോടിയില്‍ സമര്‍പ്പിച്ചു. പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഇന്ത്യയുടെ ഷെര്‍പ്പയായ സുധാകര്‍ ദലേലയുടെ സമര്‍ത്ഥമായ നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിച്ചാണ് അവസാന നിമിഷം സംയുക്ത ധാരണയിലെത്തിയത്.
ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയ പ്രമുഖ ലോക നേതാക്കളുടെ സാന്നിധ്യം ഉച്ചകോടിയുടെ തിളക്കം വര്‍ധിപ്പിച്ചു. അംഗ സംഖ്യ വിപുലീകരിച്ച ശേഷമുള്ള ബ്രിക്സിന്റെ ഈ ഐക്യ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തില്‍ സംഘടനയുടെ സ്വാധീനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.