ബ്രിക്‌സ് ഉച്ചകോടി: മോഡിയുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കാതെ ഷി ജിന്‍ പിങ് ഹോട്ടലിലേയ്ക്ക് മടങ്ങി; പ്രതികരിക്കാതെ ഇന്ത്യയും ചൈനയും

ബ്രിക്‌സ് ഉച്ചകോടി: മോഡിയുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കാതെ ഷി ജിന്‍ പിങ് ഹോട്ടലിലേയ്ക്ക് മടങ്ങി; പ്രതികരിക്കാതെ ഇന്ത്യയും ചൈനയും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രതലവന്മാര്‍ക്കായി ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്.

ശനിയാഴ്ച രാത്രി ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന അത്താഴ വിരുന്നില്‍ ഷി ജിന്‍ പിങിനൊപ്പം അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പങ്കെടുത്തില്ല. ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ശേഷം യുഎഇയിലേയ്ക്ക് മടങ്ങുമെന്ന് നേരത്തെ തന്നെ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് അറിയിച്ചിരുന്നു.

എന്നാല്‍ ഷി ജിന്‍ പിങ് വിരുന്നില്‍ പങ്കെടുക്കാതിരുന്നതില്‍ ചൈനയോ ഇന്ത്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനീസ് പ്രസിഡന്റ് വിട്ടുനിന്നതിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലെങ്കിലും യാത്രയുടെയും ചര്‍ച്ചകളുടെയും ക്ഷീണം കാരണം അദ്ദേഹം വിശ്രമിക്കാനായി ഹോട്ടലിലേയ്ക്ക് മടങ്ങുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

ശനിയാഴ്ച രാവിലെ ചൈനയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയോടെയാണ് ഷി ഡല്‍ഹിയിലെത്തിയത്. അതിനാല്‍ വിശ്രമിക്കാന്‍ സമയം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അത്താഴ വിരുന്നില്‍ സംബന്ധിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മലാ സീതാരാമന്‍, പീയുഷ് ഗോയല്‍, അശ്വിനി വൈഷ്ണവ്, ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവരും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിരുന്നില്‍ പങ്കെടുത്തിരുന്നു.

പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടി ഇന്ന് സമാപിക്കും. അംഗ രാജ്യങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക സഹകരണം, പ്രാദേശിക കറന്‍സികളിലുള്ള ഇടപാടുകള്‍, സാങ്കേതിക കൈമാറ്റം എന്നിവ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങളോടെയാണ് ഉച്ചകോടി അവസാനിക്കുന്നത്.

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ കടുത്ത നിലപാടുകള്‍ മുതല്‍ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, ആരോഗ്യം, സാമ്പത്തികം എന്നിവയിലെ പുതിയ സഹകരണ സംവിധാനങ്ങള്‍ വരെ ഇന്ത്യയ്ക്ക് നിര്‍ണായകമായ നിരവധി നേട്ടങ്ങള്‍ പ്രഖ്യാപനത്തിലുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.