കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടികള്‍ വിലയിരുത്താനും തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനുമായി സിപിഎമ്മിന്റെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിന് കോഴിക്കോട്ട് തുടക്കമായി.
മുതിര്‍ന്ന നേതാവ് പാലൊളി മുഹമ്മദ് കുട്ടി പതാക ഉയര്‍ത്തി. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെ എകെജി ഹാളില്‍ രാവിലെ 10.30 ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബി യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച ശേഷം അതിന്മേല്‍ വിശദമായ ചര്‍ച്ച നടക്കും. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് മേല്‍ വരാതിരിക്കാന്‍ കരുതലോടെയുള്ള നീക്കങ്ങളാണ് നേതൃത്വം നടത്തിയത്.
ഇതിന്റെ ഭാഗമായി പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ നിന്ന് സംസ്ഥാന സമിതി അംഗങ്ങളെ മാറ്റിനിര്‍ത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വര്‍ഗ-ബഹുജന സംഘടനാ പ്രതിനിധികളും മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. നിലവിലെ സംസ്ഥാന സമിതി ഇതിനകം അംഗീകരിച്ച റിപ്പോര്‍ട്ട് അതേ കമ്മിറ്റി വീണ്ടും ചര്‍ച്ച ചെയ്യുന്ന പതിവില്ലെന്ന കാരണം പറഞ്ഞാണ് ഈ നിയന്ത്രണം.
എന്നാല്‍ പിണറായി വിജയനും എം.വി ഗോവിന്ദനും അടക്കമുള്ള നേതൃനിരയ്ക്കെതിരെ ഉയരാവുന്ന വിമര്‍ശനങ്ങളെ തടയിടാനാണ് ഈ നീക്കമെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി പുകയുന്നുണ്ട്. പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്നു നിലപാടുള്ളവരാണ് സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷവും.
ചര്‍ച്ചയില്‍ ഈ നിലപാടിന് മുന്‍തൂക്കം ലഭിച്ചാല്‍ അഴിച്ചുപണിക്ക് സാധ്യതയേറും. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഉള്‍പ്പെടെയുള്ള നേതൃത്വം മാറണമെന്നാണ് സംസ്ഥാന സമിതിയിലെ അധികം പേരുടെയും താല്‍പര്യം. അത് പ്രതീക്ഷിച്ചുള്ള പ്രതിരോധമാണ് ചര്‍ച്ചാ നിയന്ത്രണം.
യോഗത്തില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റാണ് തയ്യാറാക്കിയത്. ഇതിന് അംഗീകാരം നല്‍കാന്‍ സംസ്ഥാനസമിതി യോഗം ചേര്‍ന്നിരുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ തിരുത്തല്‍കൂടി വരുത്തിയാണ് റിപ്പോര്‍ട്ട് അന്തിമമാക്കിയത്.
ഇതോടെ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ടായി മാറി. ഒരു ഘടകം അംഗീകരിച്ച റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ അതേ ഘടകത്തിലുള്ളവര്‍ മറ്റൊരു യോഗത്തില്‍ അഭിപ്രായം പറയുന്ന രീതി സിപിഎമ്മിനില്ല. ഇതാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചര്‍ച്ചയില്‍ നിന്ന് പുറത്താകാന്‍ കാരണമായത്.
അതേസമയം, മാസപ്പടി കേസിലെ ഇ.ഡി നീക്കത്തിനെതിരെ പാര്‍ട്ടി ഒറ്റക്കെട്ടായാണ് പ്രതികരിക്കുന്നത്. പിണറായി വിജയനെ ലക്ഷ്യമിട്ടുള്ളത് സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണെന്ന നിലപാടിലാണ് നേതാക്കള്‍.
എന്തായാലും ചരിത്രത്തില്‍ അപൂര്‍വമായാണ് സിപിഎം ഇത്തരത്തിലുള്ള വിശാല സംസ്ഥാന സമിതി യോഗം ചേരുന്നത്. സംസ്ഥാന സമിതി അംഗങ്ങള്‍ക്കു പുറമെ 14 ജില്ലകളിലെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍, സംസ്ഥാന-കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍, വിവിധ വര്‍ഗ-ബഹുജന സംഘടനകളുടെ ഭാരവാഹികള്‍ ഉള്‍പ്പെടെ മുന്നൂറിലധികം പേരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ചൊവ്വാഴ്ച വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയോടെയും പൊതു സമ്മേളനത്തോടെയും യോഗം സമാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.