ഉച്ചകോടിയില്‍ തിളങ്ങി മലയാളി സാന്നിധ്യവും തമിഴ് സംസ്‌കാരവും; വൈറലായി പ്രധാനമന്ത്രിയുടെയും ലോക നേതാക്കളുടെയും ചിത്രം

ഉച്ചകോടിയില്‍ തിളങ്ങി മലയാളി സാന്നിധ്യവും തമിഴ് സംസ്‌കാരവും; വൈറലായി പ്രധാനമന്ത്രിയുടെയും ലോക നേതാക്കളുടെയും ചിത്രം

ന്യൂഡല്‍ഹി: ഭാരത് മണ്ഡപത്തില്‍ നടന്ന അന്താരാഷ്ട്ര ഉച്ചകോടി ലോക നേതാക്കളുടെ അപൂര്‍വ സംഗമത്തിനും സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്കും വേദിയായി. പ്രധാനമന്ത്രി നരേന്ദ്ര മോഡി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് എന്നിവര്‍ പരസ്പരം കൈകോര്‍ത്തുപിടിച്ച സൗഹൃദ നിമിഷങ്ങളായിരുന്നു ഉച്ചകോടിയുടെ പ്രധാന ആകര്‍ഷണം. ഈ വൈറല്‍ ചിത്രത്തില്‍ പരിഭാഷകനായി എത്തിയ മലയാളി ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ സിദ്ധാര്‍ഥ് ബാബുവും ഇതോടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി.

എറണാകുളം കലൂര്‍ സ്വദേശിയും 2017 ബാച്ച് ഉദ്യോഗസ്ഥനുമായ സിദ്ധാര്‍ഥ് ബാബു നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈസ്റ്റ് ഏഷ്യ വിഭാഗത്തില്‍ അണ്ടര്‍ സെക്രട്ടറിയാണ്. ചൈനീസ് ഭാഷയില്‍ പ്രാവീധ്യമുള്ള ഇദേഹം കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിലും പ്രധാനമന്ത്രിയുടെ പരിഭാഷകനായിരുന്നു. ഉച്ചകോടിയില്‍ അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടിയ മീഡിയ സെന്ററിന്റെ ചുമതലക്കാരായും മലയാളികളായ വസുദേവ് രവി, മേഘാ സണ്ണി എന്നിവര്‍ മികവ് പുലര്‍ത്തി.

തമിഴ്നാട്ടിലെ പ്രസിദ്ധമായ രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിലെ ഇടനാഴിയുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ലോക നേതാക്കളെ സ്വീകരിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് തമിഴ് തത്ത്വചിന്തകനായ തിരുവള്ളുവരുടെ തിരുക്കുറളിന്റെ റഷ്യന്‍ പരിഭാഷയാണ് പ്രധാനമന്ത്രി ഉപഹാരമായി നല്‍കിയത്.

ഭാരത് മണ്ഡപത്തിലെ നടരാജശില്പത്തിന് മുന്നില്‍ ലോകനേതാക്കള്‍ ഒന്നിച്ചുചേര്‍ന്ന് ആല്‍മരത്തൈകള്‍ നട്ടു. വിവിധ അംഗ രാജ്യങ്ങളിലെ കലാകാരന്മാര്‍ ഒരുമിച്ചു തയ്യാറാക്കിയ കൂറ്റന്‍ സാംസ്‌കാരിക ചുവര്‍ച്ചിത്രവും വേദിയില്‍ ശ്രദ്ധനേടി. ഇന്ത്യയെ പ്രതിനിധീകരിച്ച് ജയ്പൂരിലെ ഹവാ മഹലും ആനകളുമാണ് ചിത്രത്തില്‍ ഇടംപിടിച്ചത്.

ഐ.ടി.സി ഹോട്ടലിന്റെ നേതൃത്വത്തില്‍ തനതായ ഇന്ത്യന്‍ വിഭവങ്ങളും ആഗോള രുചികളും പ്രതിനിധികള്‍ക്കായി ഒരുക്കിയിരുന്നു. 1400 ഓളം മാധ്യമ പ്രവര്‍ത്തകര്‍ക്കായി സജ്ജമാക്കിയ മീഡിയ സെന്ററില്‍ പൂര്‍ണമായും സസ്യാഹാരമാണ് വിളമ്പിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.