മുംബൈ: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി എന്‍.ഡി.എ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുംബൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാജ്യത്തെ സിവില്‍ നിയമങ്ങളില്‍ സമഗ്രമായ മാറ്റം ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി വ്യക്തമാക്കിയത്.
വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വ്യക്തി നിയമ വിഷയങ്ങളില്‍ രാജ്യത്തുടനീളം ഒറ്റ നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നീക്കം. ചില സംസ്ഥാനങ്ങളില്‍ ഇതിനകം യു.സി.സി പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ടെന്നും വൈകാതെ തന്നെ എന്‍.ഡി.എ ഭരിക്കുന്ന മുഴുവന്‍ സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഇതോടൊപ്പം രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് പുറത്താക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പൊതുജീവിതത്തിലെ 25 വര്‍ഷത്തെ സേവനം മുന്‍നിര്‍ത്തി സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെ ഒരുമാസം നീണ്ടുനില്‍ക്കുന്ന സേവാ സങ്കല്‍പ്പ് അഭിയാന്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്നും അദേഹം അറിയിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, നക്‌സലൈറ്റ് ഭീഷണി കുറയ്ക്കല്‍, വടക്കുകിഴക്കന്‍ മേഖലയിലെ സമാധാന അന്തരീക്ഷം എന്നിവ സര്‍ക്കാരിന്റെ പ്രധാന നാഴികക്കല്ലുകളാണ്.
സാമ്പത്തിക മേഖലയില്‍ തകര്‍ച്ച നേരിട്ടിരുന്ന അവസ്ഥയില്‍ നിന്ന് ഇന്ത്യ ആദ്യ അഞ്ച് സ്ഥാനങ്ങളിലേക്ക് ഉയര്‍ന്നുവെന്നും ഒന്നാം പാദത്തില്‍ 7.8 ശതമാനം ജി.ഡി.പി വളര്‍ച്ച കൈവരിച്ച് ലോകത്തിലെ മുന്‍നിര സമ്പദ്‌വ്യവസ്ഥകളില്‍ രാജ്യം മുന്നേറുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.