മാര്‍പാപ്പയ്ക്ക് ഇന്ന് 71-ാം പിറന്നാള്‍: പ്രാര്‍ഥനാശംസകള്‍ നേര്‍ന്ന് ആഗോള കത്തോലിക്ക സഭ

മാര്‍പാപ്പയ്ക്ക് ഇന്ന് 71-ാം പിറന്നാള്‍: പ്രാര്‍ഥനാശംസകള്‍ നേര്‍ന്ന്  ആഗോള കത്തോലിക്ക സഭ

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍.

1955 സെപ്റ്റംബര്‍ 14 ന് അമേരിക്കയിലെ ഇല്ലിനോയിസിലുള്ള ബ്രോണ്‍സ് വില്ലയിലെ മേഴ്സി ഹോസ്പിറ്റലിലായിരുന്നു റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന്റെ ജനനം. 'റോബ്' എന്നായിരുന്നു വീട്ടുകാര്‍ വിളിച്ചിരുന്നത്. സുഹൃത്തുക്കളുടെ ഇടയില്‍ 'ബോബ്' എന്ന് അദ്ദേഹം അറിയപ്പെട്ടു.

പിതാവ് ലൂയിസ് ഇറ്റാലിയന്‍-ഫ്രഞ്ച് വേരുകളുള്ള വ്യക്തിയായിരുന്നു. ന്യൂ ഓര്‍ലിയാന്‍സില്‍ നിന്നുള്ള മില്‍ഡ്രഡ് മാര്‍ട്ടിനെസാണ് അമ്മ. പ്രെവോസ്റ്റിന് ലൂയിസ്, ജോണ്‍ എന്നീ രണ്ട് മൂത്ത സഹോദരന്മാരുണ്ട്.

സെന്റ് മേരി ഓഫ് ദി അസംപ്ഷന്‍ ഇടവകയിലാണ് പ്രെവോസ്റ്റ് തന്റെ ആത്മീയ ജീവിതത്തിന് തുടക്കം കുറിച്ചത്. അവിടെ അദ്ദേഹം ഗായക സംഘത്തില്‍ പാടിയും അള്‍ത്താര ബാലനായി ശുശ്രൂഷ ചെയ്തും ക്രിസ്തു കേന്ദ്രീകൃത ജീവിതത്തിന് തുടക്കം കുറിച്ചു.

1973 ല്‍ മിഷിഗണിലെ ഫെല്‍റ്റ് മാന്‍ഷനിലെ മൈനര്‍ സെമിനാരിയായ സെന്റ് അഗസ്റ്റിന്‍ സെമിനാരി ഹൈസ്‌കൂളില്‍ നിന്ന് റോബര്‍ട്ട് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1977 ല്‍ സെന്റ് അഗസ്റ്റിന്‍ സന്യാസ സമൂഹത്തിന്റെ നോവിഷ്യേറ്റില്‍ പ്രവേശിച്ചു. 1981 ല്‍ വ്രത വാഗ്ദാനം നടത്തി.

1982 ജൂണ്‍ 19 ന് റോമില്‍ വെച്ച് അഗസ്റ്റീനിയന്‍ അംഗങ്ങള്‍ക്കായി നടന്ന തിരുപ്പട്ട സ്വീകരണത്തില്‍ ആര്‍ച്ച് ബിഷപ്പ് ജീന്‍ ജാഡോട്ടില്‍ നിന്നു വൈദിക പട്ടം സ്വീകരിച്ചു. പിന്നീട് 1985 ല്‍ പെറുവിലെ അഗസ്തീനിയന്‍ മിഷനില്‍ ചേര്‍ന്നു. തുടര്‍ന്ന് ഒരു വര്‍ഷം പെറുവിലെ ചുലുക്കാനസ് മേഖലയുടെ ചാന്‍സലറായി സേവനം ചെയ്തു.

2014 നവംബര്‍ മൂന്നിന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രെവോസ്റ്റിനെ പെറുവിലെ ചിക്ലായോ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. 2014 ഡിസംബര്‍ 12 ന് ചിക്ലായോയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ മെത്രാഭിഷേകം നടന്നു. 2015 സെപ്റ്റംബര്‍ 26 ന് അദ്ദേഹത്തെ ചിക്ലായോയിലെ ബിഷപ്പായി നിയമിച്ചു.

2023 സെപ്റ്റംബര്‍ 30 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. 2025 മെയ് എട്ടിന് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് 71-ാം ജന്മദിനം ആഘോഷിക്കുന്ന ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ആഗോള കത്തോലിക്കാ വിശ്വാസികള്‍ ആശംസകള്‍ നേര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.