യുകെ പിളര്‍പ്പിലേക്കോ?.. സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് നേതാക്കളുടെ കാര്‍ഡിഫ് ഉച്ചകോടി നിര്‍ണായകം

യുകെ പിളര്‍പ്പിലേക്കോ?.. സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് നേതാക്കളുടെ കാര്‍ഡിഫ് ഉച്ചകോടി നിര്‍ണായകം

ലണ്ടന്‍: യുണൈറ്റഡ് കിങ്ഡത്തിന്റെ (യുകെ) നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്ത് നിര്‍ണായക രാഷ്ട്രീയ നീക്കവുമായി സ്‌കോട്ടിഷ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് പ്രവിശ്യകളിലെ നേതാക്കള്‍.

യുകെയുടെ ഭാഗമായി തുടരണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ജനഹിത പരിശോധന നടത്തണമെന്നാവശ്യപ്പെടുന്ന പ്രമേയത്തില്‍ കാര്‍ഡിഫ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് പ്രവിശ്യകളിലെ ഭരണത്തലവന്മാര്‍ ഒപ്പുവച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്.

സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവ സ്വതന്ത്ര ഭരണ സംവിധാനമുള്ള, എന്നാല്‍ പൂര്‍ണ രാജ്യ പദവിയില്ലാതെ യുകെയുടെ ഭാഗമായി തുടരുന്ന പ്രവിശ്യകളാണ്. ഇംഗ്ലണ്ട് കൂടി ചേരുമ്പോഴാണ് യുണൈറ്റഡ് കിങ്ഡം (യുകെ) എന്ന പരമാധികാര രാജ്യമാകുന്നത്.

ഫുട്‌ബോള്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് പോലുള്ള കായിക മത്സരങ്ങളിലും സാംസ്‌കാരിക മേഖലകളിലും ഇവ വെവ്വേറെ രാജ്യങ്ങളായി പങ്കെടുക്കാറുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ യുകെ മാത്രമാണ് ഔദ്യോഗിക പരമാധികാര രാഷ്ട്രമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

വെയില്‍സ് തലസ്ഥാനമായ കാര്‍ഡിഫില്‍ തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയില്‍ സ്‌കോട്ട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ ജോണ്‍ സ്വീനി, വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍ റൂണ്‍ ആപ് അയവര്‍ത്ത്, വടക്കന്‍ അയര്‍ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ മിഷേല്‍ ഒ നീല്‍ എന്നിവര്‍ പങ്കെടുക്കും.

ഈ യോഗത്തില്‍ ചരിത്രപരമായ കരാറില്‍ ഇവര്‍ ഒപ്പുവച്ചാല്‍ യുകെയില്‍ നിന്ന് വേര്‍പ്പെട്ട് ഈ മൂന്നു പ്രദേശങ്ങളും സ്വതന്ത്ര രാജ്യങ്ങളായി മാറും. വടക്കന്‍ അയര്‍ലന്‍ഡ് യുകെയില്‍ നിന്ന് വേര്‍പിരിഞ്ഞ് അയര്‍ലന്‍ഡ് റിപ്പബ്ലിക്കുമായി ഒന്നിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ പുതിയ രാഷ്ട്രീയ നീക്കമെന്നതാണ് ഏറെ ശ്രദ്ധേയം. അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെയായിരുന്നു ട്രംപിന്റെ പ്രസ്താവന.

അയര്‍ലന്‍ഡിന്റെ ഏകീകരണം വളരെ സ്വാഭാവികമായ കാര്യമാണെന്നും അത് നടക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന് ലഭിച്ച വലിയ തിരിച്ചടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

തങ്ങളുടെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് സംരക്ഷിക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് അവരുടെ ഭാവി സ്വയം നിര്‍ണയിക്കാനുള്ള അവകാശമുണ്ടെന്നും സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ ജോണ്‍ സ്വീനി വ്യക്തമാക്കി. എന്നാല്‍ ബ്രിട്ടനില്‍ നിന്നും പിരിഞ്ഞു പോകാനുള്ള വോട്ടെടുപ്പുകള്‍ക്ക് മൂന്നു പ്രദേശങ്ങള്‍ക്കും അനുമതി നല്‍കില്ലെന്ന് ഉറച്ച നിലപാടിലാണ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.