കോഴിക്കോട്: കോഴിക്കോട് നടന്നു വരുന്ന വിശാല സംസ്ഥാന സമിതിയില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ വ്യാപക വിമര്‍ശനം. സിപിഎം-ബിജെപി ഡീല്‍ ആരോപണത്തെ ഫലപ്രദമായി ചെറുക്കാത്തത് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയെ പതനത്തിലേക്ക് നയിച്ചെന്ന് സമിതിയിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുകയും മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലമിയും സമാനമായ പ്രചാരണം നടത്തുകയും ചെയ്തു. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിലെ ഒരുവിഭാഗം ഈ സ്വാധീനത്തില്‍ എല്‍ഡിഎഫിനെതിരെ തിരിഞ്ഞു.
വിപ്ലവ പാര്‍ട്ടിയെന്ന സങ്കല്‍പം തന്നെ നഷ്ടപ്പെടുത്തി. പത്തു വര്‍ഷവും പാര്‍ട്ടി പ്രവര്‍ത്തിച്ചത് പാര്‍ലമെന്ററി വ്യാമോഹത്തോടെയായിരുന്നു. മൂന്നാമതും തുടര്‍ ഭരണത്തിനാണ് ശ്രമിച്ചത്. നേതൃത്വമാണ് പാര്‍ലമെന്ററി വ്യാമോഹത്തിന് ഉത്തരവാദിയെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി
ആഗോള അയ്യപ്പ സംഗമത്തില്‍ യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ച് സിപിഎം ഹിന്ദു വര്‍ഗീയതയോട് മൃദു സമീപനം പുലര്‍ത്തുകയാണ് എന്ന പ്രതീതി സൃഷ്ടിച്ചു. ഇതെങ്ങനെ സമ്മതിച്ചു എന്ന് ചോദ്യവുമുണ്ടായി.
പിഎം ശ്രീയില്‍ ഒപ്പിട്ടപ്പോള്‍ സിപിഐയെ പോലും വിശ്വാസത്തിലെടുത്തില്ല. ഇത് ബിജെപി-സിപിഎം അന്തര്‍ ധാരണയുണ്ടെന്ന പ്രചാരണത്തിന് ശക്തി കൂട്ടി. ബിജെപി മൂന്ന് സീറ്റുകളില്‍ വിജയിച്ചത് ചെറുതായി കാണാനാകില്ല.
ആര്‍എസ്എസിനെയും ബിജെപിയെയും പ്രതിരോധിക്കാന്‍ കഴിഞ്ഞ സമ്മേളനത്തിലെടുത്ത നിര്‍ദ്ദേശങ്ങളൊന്നും നടപ്പായില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികള്‍, കര്‍ഷക തൊഴിലാളികള്‍ മുതല്‍ അടിസ്ഥാന വര്‍ഗം പോലും പാര്‍ട്ടിക്ക് വോട്ട് ചെയ്തില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രശ്നങ്ങളില്‍ അപ്പപ്പോള്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും വിമര്‍ശനമുയര്‍ന്നു. തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് തോല്‍വികള്‍ നേരിട്ടിട്ടും സംഘടനയില്‍ തിരുത്തല്‍ വരുത്താന്‍ നേതൃത്വം തയ്യാറായില്ല.
ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, 2021 ന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിലും തോറ്റു. അപ്പോഴൊന്നും ഒരു തിരുത്തലും ഉണ്ടായില്ല. തോല്‍വി ഉണ്ടായശേഷം പാര്‍ലമെന്ററി വ്യാമോഹമെന്നു വിമര്‍ശിച്ചിട്ട് എന്താണ് കാര്യമെന്നും ചില പ്രതിനിധികള്‍ ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.