തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ഗുരുതരമായ സാമ്പത്തിക അഴിമതിയും അധികാര ദുര്‍വിനിയോഗവും ആരോപിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഭാവി ബിസിനസിനായി 20 കോടി രൂപ കൈപ്പറ്റിയതായി മുഹമ്മദ് റിയാസ് അംഗീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിലും മാസങ്ങള്‍ക്ക് മുമ്പും സര്‍ക്കാരിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ സ്വത്തുക്കള്‍ തങ്ങള്‍ക്കുണ്ടെന്ന് പിണറായി വിജയനും റിയാസും വ്യക്തമാക്കിയതായും അദേഹം പറഞ്ഞു.
ജനപ്രതിനിധികള്‍ വര്‍ഷം തോറും സ്വത്ത് വിവരം വ്യക്തമാക്കേണ്ട സാഹചര്യത്തില്‍ വിഷയത്തില്‍ സി.പി.എം വിശാല സംസ്ഥാന സമിതി ചര്‍ച്ച നടത്തി ഇവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. സേവനം നല്‍കിയ വകയില്‍ 1.72 കോടി രൂപ കൈപ്പറ്റി എന്നാണ് മുന്‍പ് അവകാശപ്പെട്ടിരുന്നതെങ്കിലും പുറത്ത് വന്ന രേഖകള്‍ പ്രകാരം 3.28 കോടി രൂപ വാങ്ങിയതായി വ്യക്തമാണ്. ഇങ്ങനെ കൈപ്പറ്റിയ അധിക തുകയില്‍ 85 ലക്ഷം രൂപ യാതൊരു ഇന്‍വോയ്‌സും സേവനവും ഇല്ലാതെയാണ് വാങ്ങിയത്. ഈ തുകയെ കൈക്കൂലിപ്പണം എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കണം.
പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന്റെ വിലാസത്തിലാണ് ബിസിനസ് നടത്തുന്നത്. സ്വന്തം മകള്‍ക്ക് പാര്‍ട്ടി ഓഫീസ് വിലാസമാക്കി ബിസിനസ് നടത്താന്‍ സൗകര്യമൊരുക്കിയത് മുഖ്യമന്ത്രി ചെയ്ത ഗുരുതരമായ അധികാര ദുര്‍വിനിയോഗമാണെന്നും ഷോണ്‍ ജോര്‍ജ് കുറ്റപ്പെടുത്തി. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വിധിയില്‍ പി.വി എന്ന് കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ടെന്നും, ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന് വേണ്ടിയാണ് കമ്പനി പണം കൈപ്പറ്റിയതെന്നും വിധിയില്‍ വ്യക്തമാക്കുന്നുണ്ട്.
കമ്പനിക്ക് പണം നല്‍കിയത് യാതൊരു സേവനവും ലഭിക്കാതെയാണെന്ന് സി.എം.ആര്‍.എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും മൊഴി നല്‍കിയിട്ടുണ്ട്. സര്‍ക്കാരുമായി ബന്ധപ്പെടുന്ന സ്ഥാപനങ്ങളുമായി മന്ത്രിമാരോ അവരുടെ അടുത്ത ബന്ധുക്കളോ കരാറില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തിലെ ക്ലോസ് 2 ലംഘിച്ചാണ് വീണ കരാറുണ്ടാക്കിയത്. ഇത് പിണറായി വിജയന്റെ ഭാഗത്ത് നിന്നുണ്ടായ മറ്റൊരു ഗുരുതരമായ വീഴ്ചയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതി വകുപ്പിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സിലായി ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചിരുന്ന അഡ്വക്കേറ്റ് നവീന്‍ പിണറായി വിജയന്റെ ഭാര്യയുടെ അനിയത്തിയുടെ മകനാണ്. ഒരു വശത്ത് മകള്‍ കരാറിലേര്‍പ്പെടുകയും മറു വശത്ത് ഭാര്യയുടെ അനിയത്തിയുടെ മകന്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലായി നില്‍ക്കുകയും ചെയ്യുന്ന കമ്പനിക്കെതിരെ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയമായിരുന്നു. മുന്‍പ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഡയറക്ടര്‍ സജീവന്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ സി.എം.ആര്‍.എല്ലിനെതിരെ വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
അന്തരിച്ച മുന്‍ എം.എല്‍.എ പി.ടി തോമസ് നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് അന്നത്തെ സര്‍ക്കാര്‍ മറുപടി നല്‍കിയത്. പിന്നീട് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ചാണ് തങ്ങള്‍ക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിയതെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.