ട്രംപിന് തിരിച്ചടി: തപാല്‍ ബാലറ്റ് നിയന്ത്രണങ്ങള്‍ തള്ളി യു.എസ് സുപ്രീം കോടതി; ഇടക്കാല തിരഞ്ഞെടുപ്പില്‍ പതിവ് രീതി തുടരും

ട്രംപിന് തിരിച്ചടി: തപാല്‍ ബാലറ്റ് നിയന്ത്രണങ്ങള്‍ തള്ളി യു.എസ് സുപ്രീം കോടതി; ഇടക്കാല തിരഞ്ഞെടുപ്പില്‍ പതിവ് രീതി തുടരും

ന്യൂയോര്‍ക്ക്: 2026 നവംബറിലെ നിര്‍ണായകമായ യു.എസ് കോണ്‍ഗ്രസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി തപാല്‍ വോട്ടുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം അമേരിക്കന്‍ സുപ്രീം കോടതി തടഞ്ഞു. വോട്ടെടുപ്പ് നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ അവസാന നിമിഷം വോട്ടിങ് നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടവകാശത്തെ തടസപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.

ട്രംപ് ഭരണകൂടത്തിന്റെ അവസാന നിമിഷത്തെ നിയമ പോരാട്ടങ്ങള്‍ക്ക് വിരാമമിട്ട ഈ വിധിയോടെ, സംസ്ഥാനങ്ങള്‍ക്ക് വര്‍ഷങ്ങളായി പിന്തുടരുന്ന അതേ രീതിയില്‍ തന്നെ തപാല്‍ ബാലറ്റുകള്‍ അയക്കാനും തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനും അനുമതി ലഭിച്ചു. അയോഗ്യരെന്ന് കരുതുന്ന വോട്ടര്‍മാര്‍ക്ക് തപാല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നത് തടയുന്നതിനായി മാര്‍ച്ച് 31 ന് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവാണ് കേസിലേക്ക് നയിച്ചത്. പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ ഒരുക്കിയ പോര്‍ട്ടലില്‍ അര്‍ഹരായ വോട്ടര്‍മാരുടെ പട്ടിക നല്‍കുകയും ഏകീകൃത കവര്‍ ശൈലി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. ഇത് പാലിക്കാത്ത സംസ്ഥാനങ്ങളിലെ ബാലറ്റുകള്‍ തപാല്‍ സര്‍വീസ് വഴി വിതരണം ചെയ്യില്ലെന്ന സ്ഥിതി വന്നതോടെയാണ് വോട്ടവകാശ സംഘടനകളും 23 സംസ്ഥാനങ്ങളും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയും ഭരണകൂടത്തിനെതിരെ കോടതിയെ സമീപിച്ചത്.

പുതിയ സംവിധാനത്തിലെ സാങ്കേതിക തകരാറുകളും ബാര്‍കോഡ് പിശകുകളും കാരണം ദശലക്ഷക്കണക്കിന് തപാല്‍ ബാലറ്റുകള്‍ അയക്കപ്പെടാതെ പോകുമെന്ന ആശങ്ക ഉയര്‍ന്നതോടെ തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഇടപടാന്‍ പ്രസിഡന്റിന് ഭരണഘടനാപരമായ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ ശക്തമായ നിയമപോരാട്ടം നടത്തുകയായിരുന്നു. സര്‍ക്കാരിന്റെ വാദങ്ങളില്‍ വിജയ സാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടി ഒറ്റ ഖണ്ഡികയിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

തിരഞ്ഞെടുപ്പ് ദിവസത്തിന് തൊട്ടുമുമ്പ് ഇത്തരമൊരു പരിഷ്‌കാരം നടപ്പാക്കുന്നത് തന്നിഷ്ടപരവും അനിയന്ത്രിതവുമാണെന്ന് അനുബന്ധ അഭിപ്രായം രേഖപ്പെടുത്തിയ ജസ്റ്റിസ് ബ്രെറ്റ് കാവനോ വ്യക്തമാക്കി. എന്നാല്‍ ജസ്റ്റിസ് സാമുവല്‍ അലിറ്റോയും ജസ്റ്റിസ് ക്ലാരന്‍സ് തോമസും വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. അതേസമയം രാജ്യത്തെ മൂന്നിലൊന്ന് വോട്ടര്‍മാരും തപാല്‍ വഴിയാണ് വോട്ട് ചെയ്യുന്നത് എന്നതിനാല്‍ സുപ്രീം കോടതി വിധി അമേരിക്കന്‍ ജനതയുടെ വോട്ടവകാശം സംരക്ഷിക്കുന്ന ശരിയായ തീരുമാനമാണെന്ന് ഡെമോക്രാറ്റിക് ജനപ്രതിനിധികളും വോട്ടവകാശ സംഘടനകളും പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.