തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ മകള്‍ വീണയുടെ പക്കല്‍ നിന്നും ചുവന്ന ഡയറി കണ്ടെത്തിയെന്ന വാര്‍ത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിഷേധിച്ച് രംഗത്തു വന്നതിനു പിന്നാലെ അത്തരമൊരു റെഡ് ബുക്ക് ഉണ്ടായിരുന്നുവെന്നതിന്റെ തെളിവ് പുറത്ത്.
പിണറായിക്കും വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ റെഡ് ബുക്കിന്റെ ഒന്‍പതു പേജുകളുടെ പകര്‍പ്പ് കൂടി ചേര്‍ത്തിട്ടുണ്ട്.
മുഹമ്മദ് റിയാസിന്റെ അടുപ്പക്കാര്‍ക്ക് പണം നല്‍കിയതിന്റെ വിവരവും ഇതിനൊപ്പം മറ്റൊരു പേപ്പറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാരിസ്, ഫൈജാസ്, നിഖില്‍, ഷൈജല്‍ എന്നിവരുടെ പേരുകളാണ് ഇതില്‍ പ്രധാനമായുള്ളത്. വിദേശത്തുള്ള ചില ബാങ്കുകളുടെ പേരും അക്കൗണ്ട് നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്.
തുകയുടെ കണക്ക് ദിര്‍ഹത്തിലാണ് എഴുതിയിരിക്കുന്നത്. ഉദാഹരണത്തിന് 2024 സെപ്റ്റംബര്‍ 17 ന് ആകെ നിക്ഷേപം 2,82,600 എഇഡി(അറബ് എമിറേറ്റ്സ് ദിര്‍ഹം) എന്നുണ്ട്. ഫൈജാസ് വഴി പണം നല്‍കിയതിന്റെ വിവരമുണ്ട്. കണ്ടെടുത്ത ഡയറിയില്‍ വീണയും സാക്ഷികളും ഒപ്പിട്ട് സ്ഥിരീകരിച്ചതും കാണാം.
റെഡ് ബുക്കും മൊഴിയുമൊക്കെ മാധ്യമ സൃഷ്ടിയാണെന്ന് സി.പി.എം. അനുകൂല സാമൂഹികമാധ്യമ ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുമ്പോഴാണ് കൂടുതല്‍ രേഖകള്‍ പുറത്തു വരുന്നത്.
വാരിസിന്റെ വാട്സാപ്പ് ചാറ്റുകളില്‍ ചില നമ്പറുകള്‍ ഹവാല എന്നുകൂടി ചേര്‍ത്താണ് സേവ് ചെയ്തിരിക്കുന്നത്. സുബൈര്‍ കരുവാംപൊയിലിനെ 'സുബൈര്‍ കൊടുവള്ളി ഹവാല' എന്ന പേരിലാണ് സേവ് ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റുചില നമ്പറുകള്‍ ഹവാല ഏജന്റ് എന്ന് കൂട്ടിച്ചേര്‍ത്താണ് സേവ് ചെയ്തിരിക്കുന്നത്.
കറന്‍സി നോട്ടുകളിലെ നമ്പറാണ് വാട്സാപ്പ് സന്ദേശത്തിലൂടെ അയച്ചു നല്‍കിയത്. ഇത് പണം കൈമാറുന്നതിനുള്ള കോഡ് സന്ദേശമാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കേരളത്തില്‍ സംഭരിച്ച പണം വലിയ തോതില്‍ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.
ഇ.ഡി കണ്ടെത്തിയ കള്ളപ്പണ ഇടപാട് അതത് പ്രദേശത്തെ പോലീസ് അന്വേഷിക്കേണ്ടതാണെന്ന പി.എം.എല്‍.എ. നിയമത്തിലെ വകുപ്പു പ്രകാരമാണ് റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയത്. ഇത് ശരിവെക്കുന്ന കോടതി വിധികളും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.