ന്യൂഡല്‍ഹി: വാഹനങ്ങളില്‍ പിന്‍ സീറ്റിലിരിക്കുന്ന യാത്രക്കാരും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിയമം കര്‍ശനമായി നടപ്പാക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം.
സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് ജീവന്‍ രക്ഷാ കവചമാണെന്നും അവ കര്‍ശനമായി നടപ്പാക്കേണ്ടത് നിയമപാലകരുടെ കര്‍ത്തവ്യമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേന്ദ്ര മോട്ടോര്‍ വാഹന നിയമം 1989 (റൂള്‍ 138(3)) അനുസരിച്ച്, വാഹനം സഞ്ചരിക്കുമ്പോള്‍ ഡ്രൈവറും മുന്‍സീറ്റിലിരിക്കുന്ന വ്യക്തിയും, മുന്‍വശത്തേക്ക് നോക്കിയിരിക്കുന്ന പിന്‍സീറ്റിലെ യാത്രക്കാരും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാര്‍ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥര്‍ കര്‍ശനമായി നിരീക്ഷിക്കണം.
വാഹന യാത്രകളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. രാജ്യത്ത് റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളും പരിക്കുകളും വലിയൊരു അളവുവരെ സീറ്റ് ബെല്‍റ്റ് ഉപയോഗം വഴി ഒഴിവാക്കാനാകുമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
റോഡ് സുരക്ഷയിലും പിന്‍സീറ്റ് സീറ്റ് ബെല്‍റ്റ് ഉപയോഗത്തിലും രാജ്യവ്യാപകമായി വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് 2022 സെപ്റ്റംബറിലെ ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ കാറപകട മരണമാണ്. പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തതായിരുന്നു അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്. ഇത് റോഡ് സുരക്ഷാ ബോധവല്‍ക്കരണങ്ങളില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.
ലോകത്തിലെ ആകെ കാറുകളുടെ ഒരു ശതമാനം മാത്രമുള്ള ഇന്ത്യയില്‍, ആഗോള റോഡപകട മരണങ്ങളുടെ ഏകദേശം 11 ശതമാനവും നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ വലിയൊരു പങ്കും യാത്രകളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് മൂലം സംഭവിക്കുന്നതാണ്.
മോട്ടോര്‍ വാഹന നിയമ പ്രകാരം സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നതും യാത്ര ചെയ്യുന്നതും മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 194 ബി പ്രകാരം കുറ്റകരമാണ്. ഈ നിയമ ലംഘനത്തിന് ആയിരം രൂപ വരെ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.