ക്വസോണ്‍ സിറ്റി: ഓണ്‍ലൈന്‍ ഇടങ്ങളിലെ സ്വാധീനത്തെ വെറുമൊരു ഉള്ളടക്ക നിര്‍മ്മിതി മാത്രമായി ചുരുക്കാതെ, യഥാര്‍ത്ഥ ക്രിസ്തീയ സാക്ഷ്യമാക്കി മാറ്റാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഏഷ്യന്‍ കാത്തലിക് ഡിജിറ്റല്‍ മിഷനറി അസംബ്ലിക്ക് സമാപനം. ഫിലിപ്പീന്‍സിലെ ക്വസോണ്‍ സിറ്റിയിലുള്ള റേഡിയോ വെരിത്താസ് ഏഷ്യ കാമ്പസില്‍ നാല് ദിവസങ്ങളിലായി നടന്ന ഈ ചരിത്ര സംഗമത്തില്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം കത്തോലിക്കാ ഡിജിറ്റല്‍ മിഷനറിമാരും മാധ്യമ പ്രവര്‍ത്തകരും കണ്ടന്റ് ക്രിയേറ്റര്‍മാരും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും പങ്കെടുത്തു.
'ഇന്‍ഫ്‌ളുവന്‍സേഴ്‌സില്‍ നിന്ന് സാക്ഷികളിലേക്ക്: ഏഷ്യയിലെ ഡിജിറ്റല്‍ മിഷനായുള്ള സിനഡല്‍ വഴി' എന്നതായിരുന്നു ഇത്തവണത്തെ പ്രമേയം.
സംഗമത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ലിയോ പതിനാലാമന്‍ മാര്‍പാപ്പ അയച്ച സന്ദേശം കര്‍ദ്ദിനാള്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പിയെട്രോ പരോളിന്‍ വായിച്ചു. സ്വന്തം ഡിജിറ്റല്‍ ഉള്ളടക്കങ്ങളിലൂടെ യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ സാക്ഷികളായി വളരാന്‍ മാര്‍പാപ്പ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സസ് ഓഫീസ് ഓഫ് സോഷ്യല്‍ കമ്മ്യൂണിക്കേഷനും റേഡിയോ വെരിത്താസ് ഏഷ്യയും ചേര്‍ന്ന്, വത്തിക്കാന്‍ ഡികാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വത്തിക്കാന്‍ ഡികാസ്റ്ററിയുടെ തിയോളജിക്കല്‍-പാസ്റ്ററല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ നതാഷ ഗോവേക്കറും ചടങ്ങില്‍ സന്നിഹിതയായിരുന്നു.
ഉദ്ഘാടന ദിനത്തിലെ വിശുദ്ധ കുര്‍ബാനയില്‍ ലിപയിലെ ആര്‍ച്ച് ബിഷപ്പും ഫിലിപ്പീന്‍സ് കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഗില്‍ബെര്‍ട്ട് ഗാര്‍സെറ പ്രാധാന സന്ദേശം നല്‍കി. ഏഷ്യയിലെ ജനങ്ങളോട് ചേര്‍ന്നുനിന്നും അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും കേട്ടും അവരോടൊപ്പം സഞ്ചരിച്ചുമാണ് യേശുവിന്റെ സ്‌നേഹം പകര്‍ന്ന് നല്‍കേണ്ടതെന്ന് അദേഹം ഓര്‍മ്മിപ്പിച്ചു. അടിച്ചേല്‍പ്പിക്കുന്ന ശബ്ദമാകാതെ, സ്‌നേഹത്തിന്റെ ശാന്തമായ അനുഭവമായി മാറുമ്പോഴാണ് ഡിജിറ്റല്‍ മിഷനറി പ്രവര്‍ത്തനം അര്‍ത്ഥ പൂര്‍ണമാകുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
മനുഷ്യര്‍ ഇന്ന് ജീവിക്കുന്നതും ബന്ധങ്ങള്‍ സ്ഥാപിക്കുന്നതും ഡിജിറ്റല്‍ ഇടങ്ങളിലാണെന്ന് സഭ തിരിച്ചറിയണമെന്ന് മുഖ്യ പ്രഭാഷണത്തില്‍ എഫ്.എ.ബി.സി സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍സെലിനോ അന്റോണിയോ മരാലിറ്റ് ജൂനിയര്‍ ചൂണ്ടിക്കാട്ടി. ഓണ്‍ലൈനില്‍ ആളുകള്‍ കണ്ടുമുട്ടുന്നത് ഏതുതരം സഭയെയാണെന്ന ചോദ്യമാണ് പ്രസക്തം. ഇതിനായി അഞ്ച് പ്രധാന മാറ്റങ്ങള്‍ വേണമെന്ന് അദേഹം നിര്‍ദ്ദേശിച്ചു. വെറുമൊരു ഉള്ളടക്കത്തില്‍ നിന്ന് വ്യക്തിപരമായ സമ്പര്‍ക്കത്തിലേക്കും പ്രേക്ഷകരില്‍ നിന്ന് സജീവ സമൂഹങ്ങളിലേക്കും വൈറലാകുന്നതില്‍ നിന്ന് വിശ്വാസത്തോടുള്ള വിശ്വസ്തതയിലേക്കും മത്സരത്തില്‍ നിന്ന് പരസ്പര സഹകരണത്തിലേക്കും സ്വാധീനത്തില്‍ നിന്ന് ജീവിത സാക്ഷ്യത്തിലേക്കും മാറുമ്പോഴാണ് ഡിജിറ്റല്‍ സുവിശേഷവല്‍ക്കരണം പൂര്‍ണമാകുന്നത്. സോഷ്യല്‍ മീഡിയ ഒരു തുടക്കം മാത്രമാണെന്നും വിശുദ്ധ കുര്‍ബാനയാണ് അവസാന ലക്ഷ്യമെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.
ആധുനിക ഇന്റര്‍നെറ്റ് ലോകം ദശലക്ഷക്കണക്കിന് ആളുകളെ ബന്ധിപ്പിക്കുമ്പോഴും മനുഷ്യരെ വലിയ ഒറ്റപ്പെടലിലേക്ക് തള്ളിവിടുന്നുണ്ടെന്ന് ബിഷപ്പ് മരാലിറ്റ് മുന്നറിയിപ്പ് നല്‍കി. ആളുകളെ വിഭജിക്കുന്ന അല്‍ഗോരിതങ്ങള്‍ക്കിടയില്‍ പ്രതിസന്ധികളെ സ്‌നേഹത്തോടെ നേരിടണം. മറ്റുള്ളവര്‍ ദേഷ്യവും അധിക്ഷേപവും പ്രചരിപ്പിക്കുമ്പോള്‍ ധൈര്യത്തോടെയും അന്തസോടെയും മറുപടി നല്‍കാനും അടഞ്ഞുപോകുന്ന വാതിലുകള്‍ക്ക് മുന്നില്‍ സ്‌നേഹത്തിന്റെ പാലങ്ങളാകാനും ആഹ്വാനം ചെയ്തുകൊണ്ടാണ് ഏഷ്യന്‍ കാത്തലിക് ഡിജിറ്റല്‍ മിഷനറി അസംബ്ലി സമാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.