വത്തിക്കാനില്‍ ജോലി നേടാന്‍ ഇനി ഓണ്‍ലൈനായി അപേക്ഷിക്കാം: ചരിത്രപരമായ മാറ്റങ്ങളുമായി പുതിയ പോര്‍ട്ടല്‍

വത്തിക്കാനില്‍ ജോലി നേടാന്‍ ഇനി ഓണ്‍ലൈനായി അപേക്ഷിക്കാം: ചരിത്രപരമായ മാറ്റങ്ങളുമായി പുതിയ പോര്‍ട്ടല്‍

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനത്തിന്റെ വിവിധ വകുപ്പുകളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യവും ലളിതവുമാക്കിക്കൊണ്ട് പുതിയ ചരിത്രപരമായ പരിഷ്‌കരണത്തിന് തുടക്കമായി. വത്തിക്കാനിലെ ഒഴിവുകളിലേക്ക് ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നുമുള്ള ആളുകള്‍ക്ക് ഇനി നേരിട്ട് ഓണ്‍ലൈനായി അപേക്ഷിക്കാം. സെക്രട്ടറിയേറ്റ് ഫോര്‍ ദി ഇക്കോണമി അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക വെബ്സൈറ്റിലെ 'വര്‍ക് വിത്ത് അസ്' എന്ന പുതിയ വിഭാഗം വഴിയാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.

ഇതുവരെ വത്തിക്കാന്‍ ഓഫീസുകളിലേക്ക് അല്‍മായരായ ജീവനക്കാരെ തിരഞ്ഞെടുത്തിരുന്നത് നേരത്തെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ബയോഡേറ്റകള്‍ പരിശോധിച്ചായിരുന്നു. എന്നാല്‍ പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഒഴിവുള്ളതോ, ഉടന്‍ വരാന്‍ സാധ്യതയുള്ളതോ ആയ തസ്തികകളുടെ വിവരങ്ങളും ആവശ്യമായ യോഗ്യതകളും വെബ്‌സൈറ്റില്‍ പരസ്യമായി പ്രസിദ്ധീകരിക്കും. കൃത്യമായ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഭാവിയിലെ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി സിവി മാത്രം അപ്‌ലോഡ് ചെയ്ത് വെക്കാനും സൗകര്യമുണ്ട്.

വത്തിക്കാന്‍ സാമ്പത്തിക രംഗത്ത് നടപ്പിലാക്കുന്ന സമഗ്ര പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് ഈ മാറ്റമെന്ന് സെക്രട്ടറിയേറ്റ് ഫോര്‍ ദി ഇക്കോണമി തലവന്‍ മക്‌സിമിനോ കബല്ലെറോ ലെഡോ വ്യക്തമാക്കി. സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ അനുയോജ്യമായ സാങ്കേതിക തികവും കഴിവുമുള്ള ആളുകളെ കണ്ടെത്തുക എന്നതിനോടൊപ്പം ഉയര്‍ന്ന ധാര്‍മ്മിക ബോധമുള്ളവരെയും പ്രവര്‍ത്തന മികവുള്ളവരെയും സുതാര്യമായി തിരഞ്ഞെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പ്രത്യേക ഭാഷാ നൈപുണ്യമോ സാങ്കേതിക വൈദഗ്ധ്യമോ ആവശ്യമായ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്താന്‍ മുന്‍പ് പ്രയാസമായിരുന്നുവെന്നും പുതിയ പോര്‍ട്ടല്‍ തൊഴിലവസരങ്ങളും ഉദ്യോഗാര്‍ഥികളും തമ്മിലുള്ള ആശയവിനിമയം വളരെ എളുപ്പമാക്കുമെന്നും ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടര്‍ ലൂയിസ് ഹെറേര പറഞ്ഞു. പുറത്തുനിന്നുള്ളവര്‍ക്ക് അപേക്ഷ നല്‍കാനുള്ള അവസരത്തിന് ഒപ്പം തന്നെ വത്തിക്കാനില്‍ നിലവില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മറ്റ് വകുപ്പുകളിലേക്ക് സ്ഥാനക്കയറ്റത്തോടെയോ അല്ലാതെയോ മാറുവാന്‍ സഹായിക്കുന്ന ആന്തരിക മാറ്റങ്ങള്‍ക്കും ഈ പദ്ധതി പ്രാധാന്യം നല്‍കുന്നുണ്ട്.

തൊഴില്‍ അപേക്ഷകള്‍ക്ക് പുറമെ വത്തിക്കാന്റെ സാമ്പത്തിക-ധനകാര്യ നിയന്ത്രണങ്ങള്‍, പൊതു കരാറുകളിലെ സുതാര്യതയും മത്സരക്ഷമതയും ഉറപ്പാക്കുന്ന നിയമങ്ങള്‍ തുടങ്ങിയവയും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന രീതിയിലാണ് പുതിയ വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.