ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യയുടെ നട്ടെല്ലായി മാറിയ യുപിഐ പേയ്മെന്റുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന തരത്തിലുള്ള പ്രചാരണങ്ങളില്‍ വ്യക്തത വരുത്തി ധനമന്ത്രാലയം. സാധാരണക്കാരായ ഉപയോക്താക്കളെ ബാധിക്കുന്ന തരത്തില്‍ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കില്ലെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ധനമന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനം വന്നതോടെ 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുമോ എന്ന ചോദ്യം പൊതുജനങ്ങളില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാല്‍ 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്കും റൂപേ ഡെബിറ്റ് കാര്‍ഡ് വഴിയുള്ള പേയ്മെന്റുകള്‍ക്കും യാതൊരുവിധ നിരക്കുകളും ഈടാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
വ്യക്തികള്‍ തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും നടത്തുന്ന (P2P) സാമ്പത്തിക ഇടപാടുകള്‍ തുക എത്രയായാലും സൗജന്യമായി തന്നെ തുടരുമെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിലും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം 2000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകളില്‍ നിരക്ക് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് സ്വന്തം നിലയില്‍ അധികാരമുണ്ടോ എന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോ എന്‍പിസിഐയോ ഔദ്യോഗികമായി കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. എന്‍ഇഎഫ്ടി വഴി നടത്തുന്ന ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ആര്‍ബിഐ ചാര്‍ജുകള്‍ ഈടാക്കുന്നില്ല എന്നതിനാല്‍ യുപിഐയ്ക്കും സമാനമായ ഇളവുകള്‍ ഉണ്ടാകണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. എങ്കിലും ഇതില്‍ ആര്‍ബിഐയുടെയും എന്‍പിസിഐയുടെയും ഏകീകൃതമായ ഒരു നിയന്ത്രണ ഉത്തരവ് വരുന്നത് വരെ നിലവിലെ ചട്ടക്കൂട് അനുസരിച്ച് തീരുമാനമെടുക്കാന്‍ ബാങ്കുകള്‍ക്ക് നിയമപരമായ സ്വാതന്ത്ര്യമുണ്ട്.
2016 ല്‍ പ്രവര്‍ത്തനം ആരംഭിച്ച യുപിഐ കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ട് 4000 മടങ്ങ് വളര്‍ച്ചയാണ് കൈവരിച്ചത്. ശതകോടികള്‍ എത്തുന്ന ഈ ഡിജിറ്റല്‍ ശൃംഖല തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനും വന്‍ സാമ്പത്തിക ബാധ്യത നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാരിന്റെ സബ്സിഡി കൊണ്ട് മാത്രം സംവിധാനം തുടരാന്‍ കഴിയില്ലെന്നതിനാല്‍ ചില വലിയ വ്യാപാരി ഇടപാടുകള്‍ക്ക് ചെറിയ തോതില്‍ എംഡിആര്‍ ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. എങ്കിലും സാധാരണക്കാരുടെ ദൈനംദിന ഉപയോഗത്തെ ഇത് ബാധിക്കില്ലെന്നും 2000 രൂപയ്ക്ക് മുകളിലുള്ള വലിയ ഇടപാടുകളുടെ ഭാവി നിരക്കുകള്‍ എന്‍പിസിഐയുടെ സ്റ്റിയറിങ് കമ്മിറ്റിയാകും നിശ്ചയിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.