കോഴിക്കോട്: വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങള്‍ മുന്നില്‍ കണ്ട് സംഘടനാ സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിനായി സംസ്ഥാന സെക്രട്ടേറിയറ്റില്‍ സമഗ്രമായ പുനസംഘടന നടപ്പിലാക്കി സിപിഎം. കോഴിക്കോട്ട് ചേര്‍ന്ന വിശാല സംസ്ഥാന സമിതി യോഗത്തിലാണ് പാര്‍ട്ടിയുടെ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത.
അദേഹത്തോടൊപ്പം മന്ത്രിമാരായ വി. ശിവന്‍കുട്ടിയെയും എം.ബി രാജേഷിനെയും പുതിയതായി ഭരണ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയിലേക്ക് പി. രാജീവിനെ നിയോഗിക്കാനും പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു. ഭരണ മികവും സംഘടനാ ശേഷിയും സമന്വയിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാനാണ് പുതിയ നേതൃനിരയിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഈ മാറ്റങ്ങളുടെ ഭാഗമായി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ടി.എം തോമസ് ഐസക്, ടി.പി രാമകൃഷ്ണന്‍ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്നാല്‍ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായതിനാല്‍ ഇവര്‍ക്ക് സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ ക്ഷണിതാക്കളായി തുടര്‍ന്നും പങ്കെടുക്കാന്‍ സാധിക്കും. അതോടൊപ്പം പോഷക സംഘടനകളുടെ തലപ്പത്തുള്ള പ്രമുഖരായ യുവ നേതാക്കള്‍ക്കും വനിതകള്‍ക്കും ഇത്തവണ സംസ്ഥാന സമിതിയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ട് സമഗ്രമായ മാറ്റങ്ങളാണ് പാര്‍ട്ടി ഘടനയില്‍ വരുത്തിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.