സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താല്‍കാലിക ശമനം; 300 മെഗാവാട്ട് അധിക വൈദ്യുതി തിങ്കളാഴ്ച മുതല്‍ ലഭ്യമാക്കും

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താല്‍കാലിക ശമനം; 300 മെഗാവാട്ട് അധിക വൈദ്യുതി തിങ്കളാഴ്ച മുതല്‍ ലഭ്യമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധിക്ക് താല്‍കാലിക ആശ്വാസം. തിങ്കളാഴ്ച മുതല്‍ 300 മെഗാവാട്ട് അധിക വൈദ്യുതി ഉറപ്പാക്കിയതായി കെ.എസ്.ഇ.ബി അറിയിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍.ടി.പി.സി വഴി ലഭിക്കുന്ന 150 മെഗാവാട്ടിന് പുറമേ, ഒഡീഷയിലെ പൊതുമേഖലാ കമ്പനിയായ ഗ്രിഡ്‌കോയില്‍ നിന്ന് 150 മെഗാവാട്ട് വൈദ്യുതി കൂടി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി ധാരണയിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് 900 മെഗാവാട്ടോളം വൈദ്യുതിയുടെ വന്‍ കുറവാണ് അനുഭവപ്പെട്ടിരുന്നത്. പുതിയ കരാറുകളിലൂടെ 300 മെഗാവാട്ട് അധികമായി ലഭിക്കുന്നതോടെ ഈ ക്ഷാമം 600 മെഗാവാട്ടായി കുറയ്ക്കാന്‍ സാധിക്കും. വൈകിട്ട് 6 മണിക്ക് ശേഷമുള്ള ഉയര്‍ന്ന ഉപയോഗ സമയത്തെ ബാക്കി വൈദ്യുതി ആവശ്യങ്ങള്‍ക്കായി പവര്‍ എക്‌സ്‌ചേഞ്ചുകളെ ആശ്രയിക്കാനാണ് തീരുമാനം. ഓരോ 15 മിനിറ്റ് ബ്ലോക്കുകളിലായി വൈദ്യുതി കണ്ടെത്താന്‍ ശ്രമിക്കുന്ന കെ.എസ്.ഇ.ബി, കഴിഞ്ഞ ഞായറാഴ്ച രാത്രി റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 550 മെഗാവാട്ടോളം വൈദ്യുതി വാങ്ങിയിരുന്നു.

അധിക വൈദ്യുതി ലഭ്യമാകുന്നതോടെ സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഗണ്യമായ കുറവുണ്ടാകും. ദിവസം മൂന്ന് തവണ വരെ വൈദ്യുതി തടസപ്പെട്ടിരുന്ന പ്രദേശങ്ങളില്‍ ഇനി തടസം ഒരു തവണയായി കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതേസമയം പ്രതിസന്ധി പൂര്‍ണ്ണമായി പരിഹരിക്കാന്‍ കെ.എസ്.ഇ.ബി ഡയറക്ടര്‍മാര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേരിട്ടെത്തി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഉയര്‍ന്ന വില നല്‍കി വൈദ്യുതി വാങ്ങേണ്ടി വന്നാലും അതിന്റെ സാമ്പത്തിക ഭാരം തല്‍കാലം ഉപഭോക്താക്കളിലേക്ക് അടിച്ചേല്‍പ്പിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

യൂണിറ്റിന് 10 രൂപയില്‍ കൂടുതല്‍ നല്‍കി വൈദ്യുതി വാങ്ങരുതെന്ന ദേശീയ നയം നിലനില്‍ക്കുന്നതിനാല്‍ കൂടിയ നിരക്കിലുള്ള വാങ്ങലുകളില്‍ നിന്ന് കെ.എസ്.ഇ.ബി വിട്ടുനില്‍ക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.