സൗദി അരാംകോയുടെ ക്രൂഡ് വിതരണം തടസപ്പെട്ടു: ഇന്ത്യയില്‍ എണ്ണ വില ഉയര്‍ന്നേക്കും; റിഫൈനറികള്‍ക്ക് വന്‍ തിരിച്ചടി

സൗദി അരാംകോയുടെ ക്രൂഡ് വിതരണം തടസപ്പെട്ടു: ഇന്ത്യയില്‍ എണ്ണ വില ഉയര്‍ന്നേക്കും; റിഫൈനറികള്‍ക്ക് വന്‍ തിരിച്ചടി

ന്യൂഡല്‍ഹി: സൗദി അരാംകോയുടെ പ്രധാന പൈപ്പ് ലൈനിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണം നിര്‍ത്തിവെച്ചത് രാജ്യത്തെ ഇന്ധന വിപണിക്ക് വലിയ ആഘാതമായി. സമുദ്രപാതയായ ഹോര്‍മുസിലെ തടസങ്ങള്‍ മറികടക്കാന്‍ അസംസ്‌കൃത എണ്ണ വിതരണത്തിനായി ഉപയോഗിച്ചിരുന്ന നിര്‍ണായകമായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനിന് നേരെയാണ് ഇറാഖി മിലിഷ്യയുടെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഇതേത്തുടര്‍ന്ന് വിതരണം താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ അരാംകോ നിര്‍ബന്ധിതരാകുകയായിരുന്നു.

ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ ഒന്‍പത് ശതമാനവും സൗദി അറേബ്യയില്‍ നിന്നായിരുന്നു നല്‍കിയിരുന്നത്. വാര്‍ഷിക കരാറുകള്‍ പ്രകാരം ഔദ്യോഗിക വിലയ്ക്കായിരുന്നു ഈ വിതരണം നടന്നിരുന്നത്. സൗദിയില്‍ നിന്നുള്ള വിതരണം പെട്ടെന്ന് നിലച്ചതോടെ മറ്റ് സ്രോതസുകള്‍ കണ്ടെത്തേണ്ട നിര്‍ബന്ധിതാവസ്ഥയിലാണ് ഇന്ത്യന്‍ റിഫൈനറികള്‍. പകരമുള്ള ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തുന്നത് അസാധ്യമല്ലെങ്കിലും ഉയര്‍ന്ന ചരക്കുകൂലിയും എണ്ണ വിലയിലെ വര്‍ധനവും കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കും.

നിലവില്‍ പകരം വഴികള്‍ കണ്ടെത്തുന്നതിനേക്കാള്‍ ഉയര്‍ന്ന് വരുന്ന സാമ്പത്തിക ബാധ്യതകള്‍ നിയന്ത്രിക്കുക എന്നതാണ് റിഫൈനറികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഈ വിതരണ തടസം രാജ്യത്തെ ഇന്ധന വിപണിയില്‍ പെട്ടെന്ന് സമ്മര്‍ദമുണ്ടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും എണ്ണ വിലയിലെ വ്യതിയാനങ്ങളും ഇന്ത്യന്‍ വിപണിയെ ഏത് രീതിയില്‍ ബാധിക്കുമെന്നത് ഏറെ നിര്‍ണായകമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.