കോട്ടയം: സംസ്ഥാന പൊലീസ് ഉപമേധാവിയായിരുന്ന ടോമിന്‍ ജെ. തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലന്‍സ് കോടതി. 2003 ജനുവരി മുതല്‍ 2007 ജൂലൈ വരെയുള്ള കാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് വിജിലന്‍സ് എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജ് കെ.വി രജനീഷ് വിധി പ്രസ്താവിച്ചത്.
വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ 135.80 ശതമാനം അധിക സ്വത്ത് വരവില്‍ക്കവിഞ്ഞ് കണ്ടെത്തിയെങ്കിലും അതിനുള്ള കൃത്യമായ വരുമാന സ്രോതസ് കാണിക്കാന്‍ തച്ചങ്കരിക്ക് സാധിച്ചില്ല. ബോബി കുരുവിള എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ആരംഭിച്ചത്. 2013 ല്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച, കേസില്‍ സര്‍വീസിലിരിക്കെ വീടുകളും ഫ്‌ളാറ്റുകളും വസ്തുവകകളും സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു.
സ്വത്തുക്കള്‍ കുടുംബ വിഹിതമായും ഇഷ്ടദാനമായും ലഭിച്ചതാണെന്നും കേസ് ഒഴിവാക്കണമെന്നും കാട്ടി തച്ചങ്കരി മുന്‍പ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കുറ്റപത്രം നിലനില്‍ക്കുമെന്ന് വ്യക്തമാക്കി കോടതി തള്ളിയിരുന്നു. സെപ്റ്റംബര്‍ 30 നകം സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് വിജിലന്‍സ് കോടതി നടപടികള്‍ വേഗത്തിലാക്കിയത്.
പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.കെ ശ്രീകാന്ത് ഹാജരാവുകയും പ്രോസിക്യൂഷന്‍ സാക്ഷികളായി മുന്‍ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയടക്കമുള്ളവരെ വിസ്തരിക്കുകയും ചെയ്തു. പ്രതിഭാഗം സാക്ഷികളായി മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, മുന്‍ അഡീഷണല്‍ ഡി.ജി.പി, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍, തച്ചങ്കരിയുടെ സഹോദരി എന്നിവരാണ് വിസ്തരിക്കപ്പെട്ടത്. കോടതിയില്‍ പ്രതിഭാഗത്തിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍, തനിക്ക് നെഞ്ചുവേദനയടക്കമുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഒറ്റയ്ക്കാണ് താമസമെന്നും തച്ചങ്കരി കോടതിയെ അറിയിച്ചു. കേസില്‍ പരമാവധി ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.