മെസിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്: സംസ്ഥാനത്ത് വ്യാപക പരിശോധന; റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫിസില്‍ ഉള്‍പ്പെടെ റെയ്ഡ്

 മെസിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്: സംസ്ഥാനത്ത് വ്യാപക പരിശോധന; റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫിസില്‍ ഉള്‍പ്പെടെ റെയ്ഡ്

കൊച്ചി: ഫുട്‌ബോള്‍ താരം ലിയോണല്‍ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പും കോടികളുടെ നികുതി വെട്ടിപ്പും നടത്തിയ സംഭവത്തില്‍ സംസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം വ്യാപക പരിശോധന ആരംഭിച്ചു. എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അഞ്ചിടങ്ങളില്‍ പുലര്‍ച്ചെ നാല് മുതല്‍ മിന്നല്‍ പരിശോധന നടത്തുന്നത്. അഗസ്റ്റിന്‍ സഹോദരന്മാരുടെ കൊച്ചിയിലെയും വയനാട്ടിലെയും വീടുകളിലും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കളമശേരിയിലെ ഓഫിസിലുമാണ് പ്രധാനമായും പരിശോധന പുരോഗമിക്കുന്നത്.

മെസിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകള്‍, സാമ്പത്തിക ഇടപാടുകള്‍, കത്തിടപാടുകള്‍ എന്നിവ കണ്ടെത്തി പിടിച്ചെടുക്കുന്നതിനാണ് ഈ റെയ്ഡ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശേരി പൊലീസ് കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസില്‍ റിപ്പോര്‍ട്ടര്‍ കമ്പനിയെയും ആന്റോ അഗസ്റ്റിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

മെസിയെ കേരളത്തിലെത്തിക്കുന്നതിന്റെ മറവില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് കളക്ഷന്‍ ഏജന്റ് വഴി കൈമാറിയ 126.04 കോടി രൂപയ്ക്ക് റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം പ്രകാരം അടയ്‌ക്കേണ്ടിയിരുന്ന 22.69 കോടി രൂപയുടെ ഐ.ജി.എസ്.ടിയും, വിദേശ നിയമ-മധ്യസ്ഥ ഫീസുകളിലേക്ക് അയച്ച 1.90 കോടി രൂപയ്ക്ക് നല്‍കേണ്ടിയിരുന്ന 34.15 ലക്ഷം രൂപയുടെ നികുതിയും അടയ്ക്കാതെ വെട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

മെസിയുടെ സന്ദര്‍ശന പദ്ധതിയുടെ സ്‌പോണ്‍സര്‍ഷിപ്പ് കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതി വെട്ടിക്കുന്നതിനും വേണ്ടി മാത്രം നടത്തിയ നീക്കമാണെന്ന് കായിക വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.