യേശുക്രിസ്തുവിന്റെ ജ്ഞാനസ്‌നാനത്തിന് 2000 ആണ്ട്: ലോക തീര്‍ഥാടന കേന്ദ്രമാകാന്‍ അല്‍-മഗ്താസ്; നവീകരണത്തിന് ജോര്‍ദാന്‍ കിരീടാവകാശി നേരിട്ടിറങ്ങി

യേശുക്രിസ്തുവിന്റെ ജ്ഞാനസ്‌നാനത്തിന് 2000 ആണ്ട്: ലോക തീര്‍ഥാടന കേന്ദ്രമാകാന്‍ അല്‍-മഗ്താസ്; നവീകരണത്തിന് ജോര്‍ദാന്‍ കിരീടാവകാശി നേരിട്ടിറങ്ങി

വത്തിക്കാന്‍ സിറ്റി: യോഹന്നാന്‍ സ്‌നാപകനില്‍ നിന്ന് യേശുക്രിസ്തു ജ്ഞാനസ്‌നാനം സ്വീകരിച്ചതിന്റെ 2000 ആണ്ട് ആഘോഷിക്കാന്‍ ഒരുങ്ങി ജോര്‍ദാനിലെ ചരിത്ര പ്രസിദ്ധമായ അല്‍-മഗ്താസ്. ബഥനി ബിയോണ്ട് ദി ജോര്‍ദാന്‍ എന്നറിയപ്പെടുന്ന ഈ പുണ്യഭൂമിയില്‍ 2030 ല്‍ നടക്കാനിരിക്കുന്ന മില്ലേനിയം ആഘോഷങ്ങള്‍ക്ക് മുന്നോടിയായി വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ജോര്‍ദാന്‍ തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി സ്ഥലം നേരിട്ട് സന്ദര്‍ശിച്ച കിരീടാവകാശി അല്‍ ഹുസൈന്‍ ബിന്‍ അബ്ദുള്ള രണ്ടാമന്‍, തീര്‍ഥാടകര്‍ക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്തീയ തീര്‍ത്ഥാടന കേന്ദ്രമെന്ന ജോര്‍ദാന്റെ പദവി വാനോളം ഉയര്‍ത്തുന്ന രീതിയില്‍ വേണം ആഘോഷങ്ങള്‍ ആസൂത്രണം ചെയ്യാനെന്ന് കിരീടാവകാശി വ്യക്തമാക്കി. റോയല്‍ ഹാഷെമൈറ്റ് കോര്‍ട്ടിന്റെ പ്രത്യേക പ്രസ്താവനയിലൂടെയാണ് ഈ തീരുമാനം പുറത്തുവന്നത്. മത-സാംസ്‌കാരിക കാര്യങ്ങള്‍ക്കായുള്ള ഉപദേശകന്‍ പ്രിന്‍സ് ഗാസി ബിന്‍ മുഹമ്മദ്, ടൂറിസം പുരാവസ്തു മന്ത്രി ഇമാദ് ഹിജാസിന്‍ തുടങ്ങിയ ഭരണാധികാരികളും ഉദ്യോഗസ്ഥരും കിരീടാവകാശിക്കൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.


ജ്ഞാനസ്‌നാന സ്ഥലത്തിന്റെ മഹത്വവും ചരിത്ര പ്രാധാന്യവും ആഗോളതലത്തില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ടൂറിസം ബോര്‍ഡുമായി ചേര്‍ന്ന് വ്യാപകമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. പ്രാചീന പള്ളികള്‍, ചാപ്പലുകള്‍, സന്യാസികളുടെ ഗുഹകള്‍, ബാപ്റ്റിസ്റ്ററി എന്നിവയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ഈ പ്രദേശം 2015 ലാണ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയത്. ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍, ഫ്രാന്‍സിസ് എന്നീ മൂന്ന് മാര്‍പ്പാപ്പമാര്‍ സന്ദര്‍ശനം നടത്തിയതോടെ ആഗോള ശ്രദ്ധ നേടിയ ഈ വിശുദ്ധഭൂമി, 2030 ഓടെ ദശലക്ഷക്കണക്കിന് വിശ്വാസികളെ സ്വീകരിക്കാനാണ് ഇപ്പോള്‍ ഒരുങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.