കാശ്മീരും ലഡാക്കും ഉള്‍പ്പെടുത്തി പാകിസ്ഥാന്‍-ചൈന സംയുക്ത അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍; എതിര്‍പ്പുമായി ഇന്ത്യ

കാശ്മീരും ലഡാക്കും ഉള്‍പ്പെടുത്തി   പാകിസ്ഥാന്‍-ചൈന  സംയുക്ത അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍;  എതിര്‍പ്പുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു കാശ്മീരിന്റെയും ലഡാക്കിന്റെയും ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി അതിര്‍ത്തി നിര്‍ണയിക്കാന്‍ രൂപീകരിച്ച പാകിസ്ഥാന്‍-ചൈന അതിര്‍ത്തി സംയുക്ത കമ്മീഷനെതിരെ വിദേശകാര്യ മന്ത്രാലയം.

ഇന്ത്യന്‍ പ്രദേശങ്ങളുമായി ബന്ധപ്പെട്ട ചൈന-പാകിസ്ഥാന്‍ അതിര്‍ത്തി സഹകരണം അസ്വീകാര്യമാണെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി. പാകിസ്ഥാനും ചൈനയും തമ്മില്‍ നേരിട്ട് അതിര്‍ത്തിയില്ലാത്ത സാഹചര്യത്തില്‍ കമ്മിഷന് എന്ത് പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിവ ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളായി തുടരും. ഇന്ത്യന്‍ പ്രദേശവുമായി ബന്ധപ്പെട്ട കരാറുകളില്‍ ഏര്‍പ്പെടാന്‍ പാകിസ്ഥാന് അവകാശമില്ല.

1963 ലെ ചൈന-പാകിസ്ഥാന്‍ അതിര്‍ത്തി കരാര്‍ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. അത് നിയമവിരുദ്ധവും അസാധുവും ആണെന്ന നിലപാടില്‍ മാറ്റമില്ല. ഈ അധിനിവേശ പ്രദേശങ്ങളുടെ പദവി മാറ്റാനോ നിയമ വിധേയമാക്കാനോ ഉള്ള ഏതൊരു ശ്രമത്തെയും ഇന്ത്യ എതിര്‍ക്കും. ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ബാധിക്കുന്ന വിഷയമാണ്.

ഇത്തരം നാടകങ്ങളില്‍ ഏര്‍പ്പെടുന്നതിനുപകരം നിയമവിരുദ്ധമായി കൈവശം വച്ച പ്രദേശങ്ങളില്‍ നിന്ന് ഉടന്‍ ഒഴിഞ്ഞു പോകാന്‍ പാകിസ്ഥാനോട് ആവശ്യപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 590 കിലോ മീറ്റര്‍ പാക് അധിനിവേശ കാശ്മീരിലെ കാരക്കോറം മേഖലയിലാണ് ചൈനയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി ഏകോപനം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.