'ലക്ഷ്യം സൗദി അറേബ്യ മാത്രം': മസ്‌ക്കറ്റില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ഹൂതികളുടെ നിര്‍ണായക ചര്‍ച്ച

'ലക്ഷ്യം സൗദി അറേബ്യ മാത്രം': മസ്‌ക്കറ്റില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ഹൂതികളുടെ നിര്‍ണായക ചര്‍ച്ച

മസ്‌ക്കറ്റ്: യമനിലെ ഹൂതികളും അമേരിക്കന്‍ ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ അമേരിക്കന്‍ എംബസിയില്‍ ആയിരുന്നു ചര്‍ച്ച എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഹൂതികളും സൗദി അറേബ്യയും തമ്മില്‍ ശക്തമായ ആക്രമണവും പ്രത്യാക്രമണവും നടക്കുന്നതിനിടെയാണ് ഒമാനിലെ ചര്‍ച്ച. മുമ്പും ഹൂതികളുമായുള്ള വിഷയത്തില്‍ മധ്യസ്ഥത വഹിച്ചത് ഒമാന്‍ ആയിരുന്നു.

ചെങ്കടലിനോട് ചേര്‍ന്ന വലിയൊരു പ്രദേശം ഹൂതികള്‍ പിടിച്ചെന്നും സൗദി അറേബ്യ പിന്തുണയ്ക്കുന്ന യമനിലെ സൈന്യത്തിന് തിരിച്ചടിയേറ്റെന്നുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. സൗദി അറേബ്യയുടെ സഹായത്തിന് അമേരിക്ക ഉള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങളൊന്നും എത്തിയിട്ടില്ല. ഈ വേളയിലാണ് അമേരിക്ക-ഹൂതി ചര്‍ച്ച നടന്നു എന്ന വിവരം പുറത്തു വന്നത്.

ഹൂതികളുമായി തങ്ങള്‍ നേരിട്ട് സംസാരിക്കുന്നുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹൂതികളുമായി ഫോണില്‍ യുഎസ് ഭരണകൂടം ബന്ധപ്പെട്ടു എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. അമേരിക്ക ഹൂതികള്‍ക്കെതിരായ നീക്കത്തിന് ഇതുവരെ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ചെങ്കടലിലൂടെ പോകുന്ന അമേരിക്കന്‍ കപ്പലുകള്‍ തങ്ങളുടെ ലക്ഷ്യമല്ല എന്ന് ഹൂതികള്‍ യുഎസ് ഉദ്യോഗസ്ഥരെ അറിയിച്ചു എന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2025 ല്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ തങ്ങള്‍ സന്നദ്ധരാണ് എന്നും ഹൂതികള്‍ അറിയിച്ചു.

ഇസ്രയേലിന്റെയോ മറ്റു രാജ്യങ്ങളുടെയോ വാണിജ്യ കപ്പലുകള്‍ ആക്രമിക്കില്ലെന്ന് യമനില്‍ നിന്നുള്ള ഹൂതി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സൗദി കപ്പലുകള്‍ മാത്രമാണ് ലക്ഷ്യമെന്നും ഹൂതികള്‍ പറഞ്ഞു.

നേരത്തേ ഒരു പതിറ്റാണ്ടോളം ഹൂതികളും സൗദി അറേബ്യയും യുദ്ധം ചെയ്തിരുന്നു. യമനിലെ വലിയൊരു പ്രദേശം ഹൂതികള്‍ നിയന്ത്രണത്തിലാക്കുകയും ചെയ്തു. യമനിലെ സര്‍ക്കാര്‍ സൈന്യത്തിന് സൗദി അറേബ്യ പിന്തുണ നല്‍കുന്നുണ്ട്. ഹൂതികള്‍ക്ക് ഇറാനും.

എന്നാല്‍ നിലവിലെ കാര്യങ്ങള്‍ ഇറാന് നിയന്ത്രിക്കാവുന്നതിന് അപ്പുറമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഹൂതികള്‍ക്ക് മുമ്പില്‍ നിരവധി യമന്‍ സൈനികര്‍ കീഴടങ്ങുന്ന വീഡിയോയും പുറത്തു വന്നു.

സൗദി അറേബ്യ യമന്‍ തുറമുഖങ്ങള്‍ക്കെതിരെ ചുമത്തിയ ഉപരോധം പിന്‍വലിക്കണം എന്നാണ് ഹൂതികളുടെ ആവശ്യം. അതുവരെ സൗദിയുടെ കപ്പലുകള്‍ ചെങ്കടലിലൂടെ പോകാന്‍ അനുവദിക്കില്ല എന്നും അവര്‍ പറയുന്നു. ബാബ് അല്‍ മന്ദേബ് കടലിടുക്ക് കൂടി നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണ് ഹൂതികള്‍. അങ്ങനെ സംഭവിച്ചാല്‍ വാണിജ്യ കപ്പലുകള്‍ ഇതുവഴി പോകാന്‍ ഭയക്കുകയും ലോകം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.