വാഷിങ്ടൺ: ഡൗണ്‍ സിന്‍ഡ്രം ബാധിച്ച മകനെ സെപ്റ്റിക് ടാങ്കിൽ നിന്ന് രക്ഷിക്കുന്നതിനായി സ്വന്തം ജീവൻ വെടിഞ്ഞ ടോം വാന്‍ഡര്‍ വുഡിന്റെ നാമകരണ നടപടികൾ പുരോഗമിക്കുന്നു. പിതൃത്വത്തിന്റെ മഹനീയ മാതൃകയായ ടോം വാന്‍ഡര്‍ വുഡിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരശേഖരണം ആരംഭിച്ചതായി യുഎസിലെ വിര്‍ജീനിയയിലുള്ള ആര്‍ലിംഗ്ടണ്‍ രൂപത ഔദ്യോഗികമായി അറിയിച്ചു.
2008 സെപ്റ്റംബര്‍ എട്ടിനായിരുന്നു ലോകത്തെ നടുക്കിയ ആ ദുരന്തം സംഭവിച്ചത്. ആര്‍ലിങ്ടണിലെ ഫാമിൽ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന ടോമിന്റെ ഇളയ മകന്‍ ജോസഫ് യാദൃശ്ചികമായി വീടിന്റെ സെപ്റ്റിക് ടാങ്കിലേക്ക് വീഴുകയായിരുന്നു. അപകടം മനസിലാക്കിയ നിമിഷം ഒട്ടും മടിക്കാതെ 66 കാരനായ പിതാവ് വിഷവാതകങ്ങള്‍ നിറഞ്ഞ ആ ടാങ്കിലേക്ക് എടുത്തുചാടി.
സ്വന്തം സുരക്ഷിതത്വം പൂർണമായും അവഗണിച്ച് മകനെ ടാങ്കിന് വെളിയിലേക്ക് സുരക്ഷിതമായി എത്തിക്കാൻ അദേഹത്തിന് സാധിച്ചു. എന്നാൽ വിഷവാതകം ശ്വസിച്ച് ടോമിന്റെ ജീവൻ ആ ടാങ്കിനുള്ളിൽ പൊലിയുകയായിരുന്നു. ഏഴ് ആണ്‍മക്കളുടെ പിതാവായ ടോം തന്റെ അവസാന ശ്വാസവും രോഗബാധിതനായ മകന് സമ്മാനിച്ചാണ് ഇഹലോകത്തോട് വിടപറഞ്ഞത്.
ടോമിന്റെ ആത്മത്യാഗം പ്രാര്‍ത്ഥനയും വിനയവും നിറഞ്ഞ അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതത്തിന്റെ പരമകോടിയായിരുന്നുവെന്ന് ആര്‍ലിംഗ്ടണ്‍ ബിഷപ് മൈക്കല്‍ ബുര്‍ബിഡ്ജ് വ്യക്തമാക്കി. ടോം എഴുതിയ കുറിപ്പുകളും കത്തുകളും അദേഹത്തെക്കുറിച്ചുള്ള മറ്റ് രേഖകളും നിലവിൽ രൂപത ശേഖരിച്ചു വരികയാണ്.
"അപ്പനെ ഇന്നും ഞങ്ങള്‍ വല്ലാതെ മിസ്സ് ചെയ്യുന്നു. ഒരു ദിവസം പോലും അപ്പനെ ഓര്‍ക്കാതെ കടന്നുപോകാറില്ല. അപ്പന്റെ ജീവിതം ഇത്രയധികം ആളുകള്‍ക്ക് പ്രചോദനമാകുന്നത് കാണുമ്പോള്‍ അതൊരു വലിയ ആശ്വാസമാണ്. പ്രത്യേകിച്ച് മാതാപിതാക്കളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒന്നാണ് അപ്പന്റെ ആത്മത്യാഗം," ടോമിന്റെ മകനായ ക്രിസ് വികാരഭരിതനായി പങ്കുവെച്ചു.
നിസ്വാര്‍ത്ഥമായ സ്നേഹത്തിന്റെയും ധീരതയുടെയും പ്രതീകമായ ടോം വാന്‍ഡര്‍ വുഡിന്റെ ജീവിതം ക്രൈസ്തവർക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള എല്ലാ പിതാക്കന്‍മാര്‍ക്കും എക്കാലവും വലിയൊരു പ്രചോദനമായി നിലകൊള്ളുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.