ഒരുമിച്ച് ഓണമുണ്ടു, പിന്നാലെ കൊലപാതകം; അനിലയാണ് കൊലപാതകിയെന്ന് വിശ്വസിക്കാനാകാതെ തഴയ്ക്കവയല്‍ ഗ്രാമം

ഒരുമിച്ച് ഓണമുണ്ടു, പിന്നാലെ കൊലപാതകം; അനിലയാണ് കൊലപാതകിയെന്ന് വിശ്വസിക്കാനാകാതെ  തഴയ്ക്കവയല്‍ ഗ്രാമം

മരിച്ച അഞ്ജനയും ആനിയും, പൊലീസ് കസ്റ്റഡിയിലെടുത്ത അനില (വലത്).

കാലിഫോര്‍ണിയ/കൊച്ചി: അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ മില്‍പിറ്റാസില്‍ രണ്ട് മലയാളി യുവതികളെ സുഹൃത്തായ യുവതി കൊലപ്പെടുത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത.

കോട്ടയം കുറിച്ചി പള്ളത്തറ വീട്ടില്‍ മിഥുന്‍ എന്ന ജേക്കബിന്റെ ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ആനി ജേക്കബ് (35), തൃശൂര്‍ പട്ടിക്കാട് മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതികളുടെ മകള്‍ അഞ്ജന വിജീഷ് (35) എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ യുവതികളുടെ സുഹൃത്തും ഈരാറ്റുപേട്ടയ്ക്കടുത്ത് മൂന്നിലവ് പഞ്ചായത്തിലെ തഴയ്ക്കവയല്‍ സ്വദേശിയുമായ മാറാമറ്റം വീട്ടില്‍ അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച നടന്ന ഓണാഘോഷത്തില്‍ ആനിയ്ക്കും അഞ്ജനയ്ക്കുമൊപ്പം പ്രതിയായ അനില പങ്കെടുത്തിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഉറ്റ സുഹൃത്തുക്കളായ ഇരുവരെയും വകവരുത്താന്‍ അനിലയെ പ്രേരിപ്പിച്ചത് ജോലി നഷ്ടമായതിന്റെ നിരാശ മാത്രമാണോ എന്ന സംശയത്തിലാണ് പലരും. കേസില്‍ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കൊലപാതക വാര്‍ത്ത പുറത്തു വന്നതോടെ ഈരാറ്റുപേട്ടയിലെ തഴയ്ക്കവയല്‍ എന്ന കൊച്ചു ഗ്രാമവും ഞെട്ടലിലാണ്. രണ്ടു കൂട്ടികാരികളെയും ദാരുണമായി കൊലപ്പെടുത്തിയത് തങ്ങളുടെ നാട്ടുകാരി അനിലയാണെന്ന് വിശ്വസിക്കാന്‍ അവര്‍ക്കിപ്പോഴും കഴിഞ്ഞിട്ടില്ല. അത്രയും നല്ല അഭിപ്രായമാണ് അനിലയേയും കുടുംബത്തേയും കുറിച്ച് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമുള്ളത്.

ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്യാന്‍ തങ്ങള്‍ക്കറിയുന്ന അനിലക്കാവില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. സ്വതവേ ശാന്ത സ്വഭാവമായിരുന്നു അനിലയുടേത്. ബന്ധുക്കളോടും നാട്ടുകാരോടുമെല്ലാം നല്ല പെരുമാറ്റം. അനിലയെക്കുറിച്ചോ ആ വീട്ടുകാരെക്കുറിച്ചോ ആര്‍ക്കും നല്ലതല്ലാത്ത അഭിപ്രായമില്ല.

സ്ഥലത്തെ അറിയപ്പെടുന്ന കുടുംബമാണ് അനിലയുടേത്. സാമ്പത്തികമായും വലിയ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാത്ത കുടുംബം. നാട്ടില്‍ ഭരണങ്ങാനം എആര്‍എസ് കോളേജിലാണ് അനില പഠിച്ചത്. നാലുവര്‍ഷം മുമ്പാണ് യുഎസിലേക്ക് പോയത്. എഞ്ചിനിയറിങ് ബിരുദധാരിയായ അനില അവിടെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

യുഎസില്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം അനില സന്തുഷ്ടയും സന്തോഷവതിയുമായിരുന്നു എന്നാണ് നാട്ടുകാരുടെ അറിവ്. രണ്ടു മാസമായി അനിലയുടെ മാതാപിതാക്കളും യുഎസില്‍ ഇവരുടെ കൂടെയായിരുന്നു താമസം. അനിലയുടെ സഹോദരന്‍ കാനഡയിലാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ നാട്ടിലെ വീട്ടില്‍ നിലവില്‍ ആരുമില്ല.

അമേരിക്കയിലെ ജോലിയുമായി ബന്ധപ്പെട്ട് എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതിനെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്ന് കുടുംബവുമായി അടുപ്പമുള്ളവര്‍ പറയുന്നു. എന്നാല്‍, ജോലി പോയി എന്നതിന്റെ വിഷാദത്തില്‍ അനില ഇത്രവലിയ ഒരു കടുംകൈക്ക് മുതിരുമെന്ന് വിശ്വസിക്കാന്‍ പ്രയാസമെന്നാണ് അവരുടെ അഭിപ്രായം. അത്രയും അടുത്ത സുഹൃത്തുക്കളായിരുന്നു അനിലയും മരിച്ച അഞ്ജനയും ആനും തമ്മില്‍.

വെള്ളിയാഴ്ച കാലിഫോര്‍ണിയയിലെ മില്‍പിറ്റാസിലായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്. ആനിയെ കുത്തിക്കൊന്ന ശേഷം അഞ്ജനയെ ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് വിളിച്ചുവരുത്തി കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. പിന്നീട് കാര്‍ നിറുത്താതെ പോയി.

ഇളയ മകളെ സ്‌കൂളില്‍ നിന്ന് വിളിക്കുന്നതുമായി ബന്ധപ്പെട്ട് ആനിയെ ജേക്കബ് ഫോണില്‍ വിളിച്ചെങ്കിലും കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഫ്‌ളാറ്റിലെത്തിയപ്പോഴാണ് ബാത്ത്റൂമില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനിയും ഭര്‍ത്താവ് ജേക്കബും എട്ട് വര്‍ഷമായി കാലിഫോര്‍ണിയയിലാണ് താമസം. ആന്‍ഡ്രീന (10), അലീസാ (5) എന്നിവരാണ് മക്കള്‍. ആനിയുടെ സംസ്‌കാരം പിന്നീട്. അഞ്ജനയും ഭര്‍ത്താവ് വിജീഷും എട്ടുവര്‍ഷമായി കാലിഫോര്‍ണിയയിലാണ്. ഏക മകള്‍ : വാമിക.

മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നെന്ന് ജേക്കബിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഐ.ടി ഫീല്‍ഡിലാണ് ആനിയും ജേക്കബും ജോലി ചെയ്യുന്നത്. രണ്ടാഴ്ച മുന്‍പാണ് ആനിയ്ക്ക് ജോലിയും വര്‍ക്ക് പെര്‍മിറ്റും ലഭിച്ചത്. അതേസമയം, അനിലയുടെ അമേരിക്കയിലെ ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നുണ്ടായ നിരാശയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.