കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭീകരമായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 469 കവിഞ്ഞു. രക്ഷാപ്രവർത്തനം ദുഷ്കരമാക്കി 1500-ഓളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കാണാതായവരിൽ 290 ഇന്ത്യക്കാരും ഉൾപ്പെടുന്നു.
ഇതിൽ കേരളത്തിൽ നിന്നുള്ള 33 പേരുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവരം. ആശയവിനിമയ സംവിധാനങ്ങൾ പൂർണമായി തകർന്നതാണ് വിവരശേഖരണം തടസപ്പെടുത്തുന്നത്. മരണസംഖ്യ ഉയരുന്നതും മൃതദേഹങ്ങൾ ഇന്ത്യൻ നദികളിലേക്ക് ഒഴുകിയെത്തുന്നതും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും കൈലാസ് മാനസസരോവർ തീർഥാടകർ ഉൾപ്പെടെ 200 ലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടപ്പുണ്ട്. ഇവരെ രക്ഷപ്പെടുത്താൻ കാഠ്മണ്ഡുവിലെയും ബെയ്ജിംഗിലെയും ഇന്ത്യൻ എംബസികൾ നേപ്പാൾ, ചൈനീസ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ടിബറ്റ്-നേപ്പാൾ അതിർത്തിയിൽ ചൈന 'ലെവൽ-IV' അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ടിബറ്റ് സ്വയംഭരണ പ്രദേശത്ത് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. ഭോട്ടേ കോശി നദീവ്യൂഹത്തിലേക്ക് ഒഴുകിയെത്തുന്ന മറ്റൊരു ഹിമ തടാകംകൂടി പൊട്ടാൻ സാധ്യതയുള്ളതിനാൽ അടുത്ത രണ്ട് ദിവസം കനത്ത ജാഗ്രത പാലിക്കാൻ ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഛോഛൻ ഖോള, പുരേപു സാംഗ്‌പോ നദികളുടെ സംഗമസ്ഥാനത്തിനടുത്ത് രൂപംകൊണ്ട തടാകമാണ് ഇപ്പോൾ അപകട ഭീഷണി ഉയർത്തുന്നത്.
ദുരന്തബാധിത പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ അടക്കമുള്ളവയ്ക്ക് ഇന്ത്യയുടെ സമഗ്രമായ സഹായം ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ സാമഗ്രികളും അവശ്യ മരുന്നുകളുമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ നേപ്പാളിൽ എത്തിക്കഴിഞ്ഞു. സർക്കാരിൻ്റെ അനുമതി ലഭിച്ചാൽ കരസേനയുടെ പ്രത്യേക സംഘവും രക്ഷാപ്രവർത്തനത്തിനായി നേപ്പാളിലെത്തും.
നേപ്പാൾ പ്രദേശങ്ങളിലുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി പദ്ധതി പ്രദേശങ്ങളും ഒലിച്ചുപോയിട്ടുണ്ട്. ദുരന്തത്തിനിരയായ ഇന്ത്യൻ പൗരന്മാരുടെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നടപികൾ പുരോഗമിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.