'മണിപ്പൂരിനായി ഒന്നും ചെയ്യാന്‍ പറ്റിയില്ല, അപകര്‍ഷതാബോധം തോന്നുന്നു'; ബിഗ് ബോസ് വേദിയില്‍ വിങ്ങിപ്പൊട്ടി മേരി കോം

'മണിപ്പൂരിനായി ഒന്നും ചെയ്യാന്‍ പറ്റിയില്ല, അപകര്‍ഷതാബോധം തോന്നുന്നു'; ബിഗ് ബോസ് വേദിയില്‍ വിങ്ങിപ്പൊട്ടി മേരി കോം

മുംബൈ: സ്വന്തം സംസ്ഥാനമായ മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങളില്‍ പ്രയോജന പ്രദമായി ഒന്നും ചെയ്യാന്‍ സാധിക്കാത്തതില്‍ കടുത്ത മാനസിക വിഷമവും നിരാശയുമുണ്ടെന്ന് വെളിപ്പെടുത്തി ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവും ലോക ബോക്‌സിങ് ചാമ്പ്യനുമായ മേരി കോം. ഹിന്ദി ബിഗ് ബോസ് 20-ാം സീസണില്‍ സഹമത്സരാര്‍ത്ഥിയായ നടി കനിക മാന്നോട് സംസാരിക്കവേയാണ് മേരി കോം മനസ് തുറന്നത്.

രാജ്യത്തിനായി നിരവധി അന്താരാഷ്ട്ര നേട്ടങ്ങള്‍ കൊയ്‌തെടുക്കാന്‍ സാധിച്ചെങ്കിലും ജന്മനാടായ മണിപ്പൂരില്‍ സമാധാനം കൊണ്ടുവരാന്‍ തനിക്ക് യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അതോര്‍ക്കുമ്പോള്‍ വലിയ നാണക്കേടും അപകര്‍ഷതാബോധവും തോന്നുന്നുണ്ടെന്നും അവര്‍ വികാരഭരിതയായി പറഞ്ഞു. രാജ്യത്തിന് വേണ്ടി താന്‍ ഒരുപാട് കാര്യങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും സ്വന്തം സംസ്ഥാനത്തിന്റെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും, താന്‍ അത്ര ശക്തയായ വ്യക്തിയൊന്നുമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരില്‍ നിരവധിയായ ഗോത്രവിഭാഗങ്ങളുണ്ട്. അവര്‍ക്കിടയില്‍ ഒത്തൊരുമയും സ്‌നേഹവും സമാധാനവും ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും മേരി കോം വ്യക്തമാക്കി. രണ്ട് വര്‍ഷത്തിലേറെയായി മണിപ്പൂരില്‍ മെതേയ്, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ തുടരുന്ന വംശീയ സംഘര്‍ഷങ്ങള്‍ വലിയ രീതിയിലുള്ള ജീവഹാനിക്കും ഭവന രഹിതരാക്കപ്പെടലിനും കാരണമായിട്ടുണ്ട്. രാജ്യത്തിന്റെ അഭിമാന താരമായിരുന്നിട്ടും മാതൃ സംസ്ഥാനത്തെ സമാധാന അന്തരീക്ഷത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ തനിക്ക് യാതൊരു സ്വാധീനവുമില്ലാത്തതിലുള്ള നിസഹായതയാണ് താരം പങ്കുവെച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.