ചെന്നൈ: തെലങ്കാന സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മുങ്ങിയ പ്രതി തമിഴ്നാട്ടില്‍ പിടിയിലായി. അമേരിക്കയില്‍ ഡാറ്റ അനലിസ്റ്റായ നികിത ഗോഡിശാല(27)യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ അര്‍ജുന്‍ ശര്‍മ(26)യെ തമിഴ്നാട്ടില്‍ നിന്ന് പിടികൂടിയത്.
യുവതിയെ കുത്തി കൊലപ്പെടുത്തിയശേഷം ഇന്ത്യയിലേക്ക് കടന്ന അര്‍ജുനെ ഇന്റര്‍പോള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ വൈകാതെ തന്നെ യു.എസിന് കൈമാറും.
നികിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ യു.എസ് ഫെഡറല്‍ ഏജന്‍സികള്‍ അര്‍ജുന്‍ ശര്‍മയ്ക്കായി തിരച്ചില്‍ ആരംഭിച്ചിരുന്നു. പ്രതി ഇന്ത്യയിലേക്ക് കടന്നതായി സ്ഥിരീകരിച്ചതോടെ ഇന്റര്‍പോളിനും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്കും വിവരങ്ങള്‍ കൈമാറി. തുടര്‍ന്നാണ് തമിഴ്നാട്ടില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുഎസിലെ മെരിലാന്‍ഡില്‍ ഡാറ്റ അനലിസ്റ്റായി ജോലിചെയ്യുന്ന നികിതയുടെ മുന്‍ കാമുകനാണ് അര്‍ജുന്‍ ശര്‍മ. ജനുവരി രണ്ടിനാണ് നികിതയെ കാണാനില്ലെന്ന് പറഞ്ഞ് അര്‍ജുന്‍ ശര്‍മ ഹൊവാഡ് കൗണ്ടി പൊലീസില്‍ പരാതി നല്‍കിയത്. പുതുവത്സരത്തലേന്നാണ് നികിതയെ അവസാനമായി കണ്ടതെന്നായിരുന്നു ഇയാളുടെ മൊഴി.
എന്നാല്‍ പരാതി നല്‍കിയതിന്റെ പിറ്റേ ദിവസം തന്നെ അര്‍ജുന്‍ ശര്‍മ ഇന്ത്യയിലേക്ക് കടന്നു. ഇതോടെ സംശയം തോന്നിയ പോലീസ് മെരിലാന്‍ഡ് ട്വിന്‍ ടവേഴ്സ് റോഡിലെ അര്‍ജുന്റെ അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തി. ജനുവരി മൂന്നാം തിയതി നടത്തിയ ഈ പരിശോധനയിലാണ് അപ്പാര്‍ട്ട്മെന്റില്‍ കൊല്ലപ്പെട്ടനിലയില്‍ നികിതയുടെ മൃതദേഹം കണ്ടെത്തിയത്.
ദേഹമാസകലം കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. തുടര്‍ന്നാണ് അര്‍ജുന്‍ ശര്‍മയെ പിടികൂടാനായി യു.എസ് ഏജന്‍സികള്‍ ഇന്റര്‍പോളിന്റെ സഹായം തേടിയത്. അതേസമയം എന്താണ് കൊലപാതകത്തിന്റെ കാരണമെന്നോ എങ്ങനെയാണ് കൃത്യം നടന്നതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.