കൊച്ചി: 28 വർഷങ്ങൾക്കു മുമ്പ് ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ വിജനതയിൽ വിറങ്ങലിച്ച് നിന്ന അഞ്ച് വയസുകാരൻ അണ്ണാമലൈ ഇന്ന് ഫാ. വിവേക് മാർട്ടിൻ. തെരുവിൽനനിന്ന് സ്നേഹത്തിന്റെ കരങ്ങളിലേക്ക് എടുത്തുയർത്തപ്പെട്ട ആ ബാലൻ ദൈവവിളി സ്വീകരിച്ച് ഇന്ന് ക്രിസ്തുവിന്റെ പുരോഹിതനായി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 16 ന് ഝാൻസി ബിഷപ് ബിൽഫ്രഡ് മോറസിൽനിന്ന് പൗരോഹിത്യം സ്വീകരിച്ച ഫാ. വിവേക് മാർട്ടിൻ ഓഗസ്റ്റ് 24 ന് വരാപ്പുഴ അതിരൂപതയിലെ തുണ്ടത്തിൽകടവ് ഇൻഫന്റ് ജീസസ് ദേവാലയത്തിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു. ഝാൻസി രൂപതയ്ക്കു വേണ്ടിയാണ് അദേഹം വൈദികനായി അഭിഷിക്തനായത്.
മാതാപിതാക്കളുടെ മുഖമോ സ്നേഹമോ ഓർമയിലില്ലാത്ത ആ ബാല്യത്തിലേക്ക് ദൈവനിയോഗം പോലെ കടന്നു വന്നത് ജീസസ് യൂത്ത് പ്രവർത്തകനായ റെക്സി ഡിക്രൂസിന്റെ കരുണയായിരുന്നു. “ചേട്ടാ, എനിക്ക് പഠിക്കണം” എന്ന അഞ്ചു വയസുകാരന്റെ ആഗ്രഹമാണ് തെരുവിൽ അണഞ്ഞുപോകുമായിരുന്ന വലിയൊരു സ്വപ്നത്തിന് തിരിതെളിച്ചത്.
നിയമപരമായ അനുമതിയോടെ റെക്സിയും സുഹൃത്തുക്കളും ചേർന്ന് ആ കുഞ്ഞിനെ സംരക്ഷണത്തിലേക്ക് കൊണ്ടുവന്നു. അട്ടപ്പാടിയുടെ മലനിരകളിലും പിന്നീട് കൊച്ചിയിലുമായി വിവേകിന്റെ ബാല്യം സ്നേഹവും കരുതലും നിറഞ്ഞതായി മാറി.
പാട്രിക്, ജോസി, രാജേഷ്, ടോണി തുടങ്ങിയ സുഹൃത്തുക്കളും ചേർന്നാണ് തെരുവിൽ കഴിയേണ്ടിവന്നിരുന്ന കുട്ടികൾക്ക് സംരക്ഷണം ഒരുക്കിയത്. സ്വന്തം മക്കളോടൊപ്പം മറ്റു കുട്ടികളെയും കുടുംബത്തിന്റെ ഭാഗമാക്കി അവർ വളർത്തി. പാട്രിക്-മനു ദമ്പതികളുടെ കൂടെയായിരുന്നു വിവേക് ഏറെക്കാലം താമസിച്ചത്.
പഠനത്തിലും മികവ് പുലർത്തിയ വിവേക് പത്താം ക്ലാസിൽ സ്കൂൾ ലീഡറായും പ്രവർത്തിച്ചു. പത്താം ക്ലാസിനു ശേഷം സെമിനാരിയിൽ ചേരാനുള്ള ആഗ്രഹം അദേഹം റെക്സിയോട് പറഞ്ഞെങ്കിലും കുറച്ചുകാലം കാത്തിരിക്കാനായിരുന്നു നിർദേശം. തുടർന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം വീണ്ടും വൈദികനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെയാണ് ഝാൻസി രൂപതയുടെ സെമിനാരിയിൽ പ്രവേശിച്ചത്.
സെമിനാരിയിൽ ചേരുന്നതിന് മുമ്പുള്ള ഇടവേളയിൽ ആലുവയിലെ സ്നേഹതീരത്തിൽ സേവനം ചെയ്തതും വിവേകിന്റെ ജീവിതത്തിലെ നിർണായക അനുഭവമായി. കമില്ല്യൻ വൈദികരുടെ നേതൃത്വത്തിൽ എച്ച്‌ഐവി ബാധിതർക്കായി പ്രവർത്തിക്കുന്ന സ്നേഹതീരത്തിൽ ആംബുലൻസ് ഡ്രൈവറായും ശുശ്രൂഷകനായും സേവനം ചെയ്ത അദേഹം കാരുണ്യത്തിന്റെയും സഹനത്തിന്റെയും പാഠങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞു.
ഒരിക്കൽ ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ വിജനതയിൽ ഒറ്റപ്പെട്ടുനിന്ന ആ അഞ്ച് വയസുകാരൻ ഇന്ന് അനേകർക്ക് പ്രത്യാശ പകരുന്ന ക്രിസ്തുവിന്റെ പുരോഹിതനായി മാറിയിരിക്കുന്നു. തെരുവിൽ നിന്ന് സ്നേഹത്തിന്റെ കൈകളിലേക്ക് ഉയർത്തപ്പെട്ട ഒരു കുഞ്ഞിന്റെ ജീവിതം ഒരു മനുഷ്യന്റെ കാരുണ്യത്തിന്റെ വിജയവും അതിലുപരി ദൈവത്തിന്റെ അത്ഭുതകരമായ തിരുക്കരസ്പർശത്തിന്റെയും സാക്ഷ്യമായി മാറുകയാണ്.
റെക്സി ഡിക്രൂസിന്റെ സംരക്ഷണത്തിൽ വളർന്ന രണ്ടുപേർ ഇതിനകം വൈദികരായി. മറ്റു രണ്ടുപേർ ഇപ്പോൾ സെമിനാരി വിദ്യാർഥികളുമാണ്. സ്നേഹത്തോടെ ഒരു ജീവിതത്തെ ചേർത്തുപിടിച്ചാൽ അതിലൂടെ എത്ര വലിയ ദൈവവിളികൾ വളർന്നുവരാമെന്നതിന്റെ ഹൃദയസ്പർശിയായ സാക്ഷ്യമാണ് ഫാ. വിവേക് മാർട്ടിന്റെ ജീവിതം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.