ന്യൂയോർക്ക്: ലോകപ്രശസ്തമായ ഹാർവാർഡ് സർവകലാശാലയുടെ കാമ്പസിൽ നിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവരുന്നവരുടെയും അതിനായി താൽപ്പര്യം പ്രകടിപ്പിക്കുന്നവരുടെയും സംഖ്യയിൽ ശ്രദ്ധേയമായ വർധനവ്. ഹാർവാർഡ് സർവകലാശാലയ്ക്ക് സമീപമുള്ള സെന്റ് പോൾസ് കത്തോലിക്കാ ദേവാലയത്തിൽ കഴിഞ്ഞ വസന്തകാലത്ത് 85 പേരാണ് കത്തോലിക്കാ സഭയുടെ ഭാഗമായത്.
ഇതിൽ 45 പേരും ഹാർവാർഡിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ്. ഈ വർഷവും സഭയിൽ ചേരാൻ 65 പേർ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റമാണെന്നും കാമ്പസിൽ വളരെ ആവേശകരമായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും സർവകലാശാലയിലെ അണ്ടർഗ്രാജുവേറ്റ് വിദ്യാർത്ഥികളുടെ ചാപ്ലിനായ ഫാ. നഥാനിയൽ സാണ്ടേഴ്സ് വ്യക്തമാക്കുന്നു.
വിശ്വാസത്തിലേക്കുള്ള യുവതലമുറയുടെ ഈ കടന്നുവരവ് കുർബാനകളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും വ്യക്തമാണ്. സമീപകാലങ്ങളിൽ ഞായറാഴ്ച ദിവ്യബലിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 10 ശതമാനം മുതൽ 20 ശതമാനം വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് അനുസരിച്ച് സെന്റ് പോൾസ് ദേവാലയത്തിൽ ഇപ്പോൾ ശരാശരി 300-ഓളം വിദ്യാർത്ഥികളാണ് ഞായറാഴ്ചകളിൽ ദിവ്യബലിയിൽ പങ്കെടുക്കാനായി എത്തിച്ചേരുന്നത്.
ഹാർവാർഡിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവിന്റെ ഈ അപൂർവ്വ പ്രവർത്തനം ഒറ്റപ്പെട്ട സംഭവമല്ലെന്നും, ഇന്നത്തെ യുവതലമുറയ്ക്കിടയിൽ പൊതുവായി കാണുന്ന ദൈവാനുഭവത്തിനായുള്ള ആഗ്രഹത്തിന്റെ ഭാഗമാണിതെന്നും ഫാ. സാണ്ടേഴ്സ് കൂട്ടിച്ചേർത്തു.
യുവജനങ്ങൾക്കിടയിൽ നടക്കുന്ന ഈ വലിയ മാറ്റത്തിന് പിന്നിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമുണ്ടെന്നും, സ്വന്തം വിശ്വാസത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ യുവാക്കളെ പ്രേരിപ്പിക്കുന്ന സാംസ്കാരികപരമായ ഘടകങ്ങൾ ഇതിന് പിന്നിലുണ്ടെന്നും അദേഹം പറഞ്ഞു.
യുഎസിലുടനീളമുള്ള വിവിധ കാമ്പസുകളിൽ കത്തോലിക്കാ വിശ്വാസത്തോടുള്ള ആഭിമുഖ്യം ശക്തമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രാർത്ഥനാ ആപ്പായ 'ഹാലോ' അടുത്തിടെ കാമ്പസുകളിൽ നിന്ന് ശേഖരിച്ച ഡാറ്റ വ്യക്തമാക്കുന്നു.
ഹാലോയ്ക്ക് റിപ്പോർട്ട് ചെയ്യുന്ന കാമ്പസുകളിൽ, 2025-26 കാലയളവിൽ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നതിനായുള്ള 'ഒസിഐഎ' കോഴ്സിൽ ചേരുന്നവരുടെ പങ്കാളിത്തം ശരാശരി ഇരട്ടിയിലധികമായാണ് (+115 ശതമാനം വളർച്ച) വർധിച്ചത്.
രാജ്യത്തുടനീളമുള്ള ഏകദേശം 60 കോളേജുകളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നുമുള്ള ഡാറ്റയാണ് ഹാലോ ഇതിനായി ശേഖരിച്ചത്. കൂടാതെ ഈ വർഷം ആദ്യം ഹാലോ പുറത്തുവിട്ട കണക്കുകൾ പ്രകാരം അമേരിക്കയിലെ സാധാരണക്കാരുടെ ഇടയിൽ ഒസിഐഎ കോഴ്സിൽ ചേരുന്നവരുടെ സംഖ്യയിൽ +38 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.