കുട്ടികളുടെ സോഷ്യല്‍ മീഡിയ ആസക്തി: ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ശക്തമായ സുരക്ഷാ നിയന്ത്രണങ്ങള്‍ വരുന്നു

കുട്ടികളുടെ സോഷ്യല്‍ മീഡിയ ആസക്തി: ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ശക്തമായ സുരക്ഷാ നിയന്ത്രണങ്ങള്‍ വരുന്നു

വാഷിങ്ടണ്‍: കൗമാരക്കാരുടെയും കുട്ടികളുടെയും സോഷ്യല്‍ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നേരിട്ടിരുന്ന വന്‍ നിയമനടപടികള്‍ ഒത്തുതീര്‍പ്പാക്കാന്‍ സോഷ്യല്‍ മീഡിയ ഭീമനായ മെറ്റ ധാരണയിലെത്തി. 17 ബില്യണ്‍ ഡോളര്‍ പിഴയായി നല്‍കാനും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളില്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് ധാരണയായിരിക്കുന്നത്. യു.എസ് അറ്റോര്‍ണി ജനറലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

കുട്ടികളെ പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ സമയം തളച്ചിടുന്ന രീതിയിലുള്ള ഫീച്ചറുകള്‍ മനപൂര്‍വം രൂപകല്‍പ്പന ചെയ്യുകയും, ഇത് അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് അമേരിക്കയിലെ 47 സംസ്ഥാനങ്ങളാണ് മെറ്റയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചത്. ഇതില്‍ 2023-ല്‍ കാലിഫോര്‍ണിയ, കൊളറാഡോ, കെന്റക്കി, ന്യൂജേഴ്സി ഉള്‍പ്പെടെ 29 സംസ്ഥാനങ്ങള്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത കേസാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പിലേക്ക് എത്തുന്നത്. കൂടാതെ മാതാപിതാക്കളുടെ സമ്മതമില്ലാതെ 13 വയസിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് ഫെഡറല്‍ നിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണവും കമ്പനി നേരിടുന്നുണ്ട്.

പുതിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായി കുട്ടികളുടെയും കൗമാരക്കാരുടെയും ആപ്പ് ഉപയോഗത്തിന് ദിവസേനയുള്ള സമയപരിധിയും നിര്‍ബന്ധിത ഇടവേളകളും ഏര്‍പ്പെടുത്തും. സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികളുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള പുഷ് നോട്ടിഫിക്കേഷനുകള്‍ പൂര്‍ണമായും ഒഴിവാക്കുകയും വ്യാജ അക്കൗണ്ടുകള്‍ തടയാന്‍ കണിശമായ പ്രായ പരിശോധന നടപ്പിലാക്കുകയും ചെയ്യും.

സ്വയം ഉപദ്രവിക്കല്‍, ഹാനികരമായ ഭക്ഷണരീതികള്‍, ഭീഷണികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ കുട്ടികളിലേക്ക് എത്താതിരിക്കാന്‍ ശക്തമായ കണ്ടന്റ് ഫില്‍ട്ടറിംഗ് കൊണ്ടുവരാനും ധാരണയായിട്ടുണ്ട്. പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം കാണിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനൊപ്പം മാതാപിതാക്കള്‍ക്ക് കൂടുതല്‍ പാരന്റല്‍ കണ്‍ട്രോള്‍ അധികാരങ്ങള്‍ ലഭ്യമാക്കും.

2025 ലെ മെറ്റയുടെ 201 ബില്യണ്‍ ഡോളര്‍ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ഒത്തുതീര്‍പ്പ് തുക വലിയൊരു പങ്കല്ലെന്നും മെറ്റയുടെ സുരക്ഷാ നടപടികള്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്നും മുന്‍ ജീവനക്കാരും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയില്‍ ശക്തമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ ഈ ഒത്തുതീര്‍പ്പ് സഹായിക്കുമെന്നാണ് മെറ്റ വ്യക്തമാക്കിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.